ഇന്ത്യാമുന്നണി സഖ്യത്തെ ചതിച്ച് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയോടടുക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് നിതീഷിന്റെ കൊലച്ചതി.ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പ്പൂരി ഠാക്കൂറിനു കേന്ദ്ര സര്‍ക്കാര്‍ ഭാരതരത്‌ന പ്രഖ്യാപിച്ചതു പിന്നാലെയാണ് നിതീഷിന്റെ മലക്കം മറിച്ചില്‍.
ബിജെപി ജെഡിയു സഖ്യം പുനസ്ഥാപിക്കുന്നതിന്റെ മുന്നോടിയാണെന്ന വിലയിരുത്തലും ഇന്ത്യാമുന്നണി ക്യാമ്പിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ബിഹാര്‍ അതിര്‍ത്തിയില്‍ നല്‍കുന്ന സ്വീകരണത്തില്‍ നിന്നു നിതീഷ് കുമാര്‍ വിട്ടു നിന്നേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
ഇതിനിടെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭ പിരിച്ചു വിടാന്‍ ശുപാര്‍ശ ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ളും ബിഹാറില്‍ നടക്കുന്നുണ്ട്.ജനതാദളിനെ (യു) ഒഴിവാക്കി ഭൂരിപക്ഷം തികയ്ക്കാന്‍ കഴിയുമോയെന്ന കണക്കുകൂട്ടലിലാണ് ആര്‍ജെഡി നേതൃത്വം. ജെഡിയു പിന്മാറിയാല്‍ നിലവിലെ നിയമസഭാ അംഗബലമനുസരിച്ച് മഹാസഖ്യത്തിനു കേവല ഭൂരിപക്ഷം തികയ്ക്കാന്‍ എട്ട് എംഎല്‍എമാരുടെ കുറവാണുള്ളത്. ജെഡിയു എംഎല്‍എമാരോട് അടിയന്തരമായി പട്‌നയിലെത്താന്‍ നിതീഷ് കുമാര്‍ നിര്‍ദേശം നല്‍കി. ആര്‍ജെഡിയുടെ ചാക്കിടല്‍ തടയാനുള്ള മുന്‍കരുതല്‍ നടപടിയാണിത്.