കോട്ടയം: കോണ്‍ഗ്രസുമായുളള സീറ്റ് ചര്‍ച്ച ഇന്ന് നടക്കാനിരിക്കെ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകാന്‍ താല്‍പര്യമറിയിച്ച് കൂടുതല്‍ നേതാക്കള്‍ രംഗത്ത്. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയത്ത് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ താല്‍പര്യമുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വര്‍ക്കിങ് ചെയര്‍മാന്‍ പി സി തോമസ് പറഞ്ഞു. പാര്‍ലമെന്റിലെ അനുഭവ പരിചയം കോട്ടയത്തിന്റെ വികസനത്തിനായി വിനിയോഗിക്കാനാകും. പിജെ ജോസഫുമായി ലയിക്കുമ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കാമെന്ന് ധാരണയുണ്ടായിരുന്നെന്നും പി സി തോമസ് പറഞ്ഞു.
പിജെ ജോസഫോ ഫ്രാന്‍സിസ് ജോര്‍ജോ മോന്‍സ് ജോസഫോ കോട്ടയത്ത് കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകണമെന്ന് കോണ്‍ഗ്രസ് നിലപാടെടുത്തിരിക്കെയാണ് പിസി തോമസ് മനസ് തുറക്കുന്നത്. കോട്ടയം കേരളാ കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ്. ഫ്രാന്‍സീസ് ജോര്‍ജാണോ താനാണോ, ആര് സ്ഥാനാര്‍ഥിയാകണമെന്ന് പിജെ ജോസഫാണ് തീരുമാനിക്കേണ്ടത്. ആര് സ്ഥാനാര്‍ഥിയായലും പിന്തുണക്കും. ലയനസമയത്ത് രാജ്യസഭാ സീറ്റ് എന്നത് പല പല ധാരണകളില്‍ ഒന്നായിരുന്നു. ബ്രാക്കറ്റ് ഇല്ലാത്ത കേരളാ കോണ്‍ഗ്രസ് പാര്‍ടിയാണ് തന്റേതെന്നും പി സി തോമസ് പറഞ്ഞു