രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവാക്കിയത് 71.8 കോടി രൂപ

ന്യൂഡൽഹി: രാഹുൽ ഗാന്ധി എംപിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവായ തുകയുടെ വിവരങ്ങൾ പുറത്ത്. 2022 സെപ്‌‌തംബറിനും 2023 ജനുവരിക്കും ഇടയിൽ കന്യാകുമാരി മുതൽ കാശ്‌മീർ വരെ നടത്തിയ ഭാരത് ജോ‌ഡോ യാത്രയ്ക്ക് കോൺഗ്രസ് ചെലവാക്കിയ ആകെ തുക 71.8 കോടി രൂപയാണ്. തിരഞ്ഞെടുപ്പ് കമ്മീഷനിൽ കോൺഗ്രസ് സമർപ്പിച്ച വാർഷിക ഓഡിറ്റ് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

2022-23 വർഷത്തേക്കുള്ള കോൺഗ്രസിന്റെ മൊത്തം വാർഷിക ചെലവിന്റെ 15.3 ശതമാനവും ഭരണപരവും പൊതുപരവുമായ ചെലവുകളുടെ 30 ശതമാനവുമാണ് യാത്രയ്ക്കായി ചെലവാക്കിയത്. 2022-23 കാലയളവിലെ കോൺഗ്രസിന്റെ മൊത്തം വരവ് 2021-22 ലെ 541 കോടിയിൽ നിന്ന് 452 കോടി രൂപയായി കുറഞ്ഞു. അതേസമയം, മൊത്തം ചെലവ് 400 കോടിയിൽ നിന്ന് 467 കോടിയായി ഉയരുകയും ചെയ്തു.2022-23 കാലയളവിൽ ഇലക്‌ടറൽ ബോണ്ടുകൾ വഴി ലഭിച്ച സംഭാവന തുക 171 കോടി രൂപയാണ്.

എന്നാൽ 2021-22 കാലയളവിൽ ഇത് 236 കോടി രൂപയായിരുന്നു. 171 കോടി രൂപ മൊത്തം വരുമാനത്തിന്റെ 38 ശതമാനമാണ്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 2022-23 കാലയളവിൽ കോൺഗ്രസിന് ചെലവായ തുക 192.5 കോടി രൂപയാണ്. മുൻവർഷം ഇത് 279.5 കോടി രൂപയായിരുന്നു. 2021-22 കാലയളവിനെ അപേക്ഷിച്ച് കോൺഗ്രസിന്റെ ഭരണപരവും പൊതുവായതുമായ ചെലവുകളിൽ 161 ശതമാനം വർദ്ധനവുണ്ടായി. തിരഞ്ഞെടുപ്പ് സർവേകൾക്കായി ചെലവായ തുക 2021-22 കാലയളവിൽ 23 ലക്ഷം ആയിരുന്നത് 2022-23 കാലയളവിൽ 40 കോടി രൂപയായി ഉയർന്നു.

പാർട്ടിയുടെ ആകെ വരുമാനമായ 452 കോടി രൂപയിൽ 43.2 കോടി രൂപ വ്യക്തികളിൽ നിന്ന് ലഭിച്ച സംഭാവനകളാണ് (2021-22 കാലയളവിൽ ഇത് 60.2 കോടി രൂപയായിരുന്നു. 2022-23 കാലയളവിൽ വിവിധ കമ്പനികളിൽ നിന്ന് ലഭിച്ച തുക 53.9 കോടി രൂപയുമാണ്. മുൻകാലയളവിൽ ഇത് 28.8 കോടി രൂപയായിരുന്നു. അതേസമയം, വിവിധ ട്രസ്റ്റുകളിൽ നിന്നും സംഘടനകളിൽ നിന്നും ലഭിച്ച തുക പാർട്ടി വ്യക്തമാക്കിയിട്ടില്ല.

കൂപ്പണുകളും പ്രസിദ്ധീകരണങ്ങളും വിറ്റതിൽ നിന്ന് പാർട്ടിക്ക് ലഭിച്ച തുക 125.7 കോടി രൂപയും ഫീസ്, സബ്‌സ്‌ക്രിബ്‌ഷൻ ഇനത്തിൽ ലഭിച്ച തുക 42.4 കോടി രൂപയുമാണ്.കോൺഗ്രസിന് പുറമേ എഎപി, ബിഎസ്‌പി, സിപിഎം, എൻപിപി തുടങ്ങിയ പാർട്ടികളുടെയും വാർഷിക ഓഡിറ്റ് റിപ്പോർട്ട് പുറത്തുവന്നു. എന്നാൽ ബിജെപി റിപ്പോർട്ട് പുറത്തുവിട്ടിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *