കേരളത്തിലെ ബിജെപിയുടെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ഇന്ന് പാലുകാച്ചല്‍ ചടങ്ങ്

തിരുവനന്തപുരം: ബിജെപിയുടെ കേരളത്തിലെ പുതിയ ആസ്ഥാന മന്ദിരത്തില്‍ ഇന്ന് പാലുകാച്ചല്‍ ചടങ്ങ് നടക്കും. ബിജെപി ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷ്, ഒ രാജഗോപാല്‍, വി മുരളീധരന്‍, കെ സുരേന്ദ്രന്‍ തുടങ്ങിയ നേതാക്കളാണ് ചടങ്ങുകള്‍ക്ക് നേതൃത്വം വഹിക്കുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ കെട്ടിടത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ തീയതി ലഭിച്ചതിന് ശേഷമേ തീരുമാനിക്കുകയുളളൂ.

രാജ്യത്തെ പലസ്ഥലങ്ങളില്‍ നിന്നെത്തുന്ന നേതാക്കള്‍ക്ക് താമസിക്കാനുളള സൗകര്യങ്ങളും പുതിയ മന്ദിരത്തില്‍ ഒരുക്കിയിട്ടുണ്ട്.അറുപതിനായിരം ചതുരശ്ര അടിയില്‍ അഞ്ച് നിലകളിലായി നിര്‍മിച്ച മന്ദിരത്തിന്റെ ആദ്യ നിലയിലാണ് അദ്ധ്യക്ഷന്റെ ഓഫീസ്. ഭാവി മുഖ്യമന്ത്രിക്കായും ഇവിടെ ഒരു മുറി തയ്യാറാക്കിയിട്ടുണ്ട്. അതായത് ഭാവിയില്‍ കേരളം ബിജെപി ഭരിക്കുമെന്നും അപ്പോഴൊരു മുഖ്യമന്ത്രിയുണ്ടാകുമെന്നും കണക്കുകൂട്ടിയാണ് പുതിയ മന്ദിരത്തില്‍
മുറിയൊരുക്കിയിരിക്കുന്നത്.അദ്ധ്യക്ഷന്റെ മുറിയോട് ചേര്‍ന്നൊരു ബാല്‍ക്കണിയുണ്ട്.

നേതാക്കള്‍ക്ക് മന്ദിരത്തിന് പുറത്തുനില്‍ക്കുന്ന അണികളെ കാണാന്‍ സാധിക്കുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. പ്രത്യേക യോഗങ്ങള്‍ക്കും വീഡിയോ കോണ്‍ഫറന്‍സുകള്‍ക്കുമായി വിശാലമായ മുറിയും ഒരുക്കിയിട്ടുണ്ട്. മൂന്നാം നിലയിലായി നാല് സംസ്ഥാന ജനറല്‍ സെക്രട്ടറിമാര്‍ക്കായി പ്രത്യേക മുറികളും പോഷക സംഘടനകളുടെ സംസ്ഥാന അദ്ധ്യക്ഷന്‍മാര്‍ക്കായി കാബിനുകളും സജ്ജീകരിച്ചിട്ടുണ്ട്. താമരയിലകള്‍ കൊത്തിവച്ചിട്ടുളള 15 കല്‍ത്തൂണുകളും രണ്ട് ലക്ഷം ലിറ്റര്‍ മഴവെളളം സംഭരിക്കാന്‍ ശേഷിയുളള സംഭരണിയും പുതിയ മന്ദിരത്തില്‍ ശ്രദ്ധേയമാണ്. ഹരിത നിര്‍മാണ ചട്ടം പാലിച്ച് നിര്‍മിച്ച കെട്ടിടത്തില്‍ 22 കിലോവാട്ട് ശേഷിയുള്ള സൗരോര്‍ജ പാനലുകളുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *