കിഫ്ബി വെള്ളാനയെ ബന്ധനത്തിലാക്കണം: ചെറിയാന് ഫിലിപ്പ്

തിരുവനന്തപുരം :സാമ്പത്തിക കേരളത്തെ ചവിട്ടി കൊല്ലുന്ന കിഫ്ബി എന്ന വെള്ളാനയെ മയക്കു വെടി വെച്ച് ബന്ധനത്തിലാക്കണംസി.എ. ജി. തുടര്‍ച്ചയായി മുന്നറിയിപ്പു നല്‍കിയിട്ടും കിഫ്ബി വെള്ളാന സര്‍ക്കാര്‍ ഖജനാവ് വിഴുങ്ങുകയാണ്. കിഫ്ബിയുടെ ചെലവുകളും കടത്തിന്റെ തിരിച്ചടക്കലും പലിശയും എല്ലാം നല്‍കുന്നത് സര്‍ക്കാര്‍ ഖജനാവില്‍ നിന്നാണ്. കിഫ്ബി ഫണ്ടിന്റെ സിംഹഭാഗവും ഖജനാവിലേക്ക് വരേണ്ട വാഹന ഇന്ധന നികുതിയാണ്. ബജറ്റിന് പുറത്ത് കിഫ്ബിയും പെന്ഷന് ബോര്‍ഡും കടമെടുത്ത 25874 കോടി രൂപയുടെ കടബാധ്യതയും സര്‍ക്കാരിനാണ്.
കിഫ്ബിയുടെ സെഷ്യല്‍ പര്‍പ്പസ് വെഹിക്കിളുകള്‍ മുഖേനയുള്ള സാമ്പത്തിക ഇടപാടുകള്‍ പലതും അജ്ഞാതമാണ്. കെട്ടിടം, പാലം, റോഡ് എന്നിവയുടെ നിര്‍മ്മാണവും സാധന സാമഗ്രികളുടെ വാങ്ങലും സംബന്ധിച്ച കരാറുകള്‍ സുതാര്യമല്ല. 75000 കോടി രൂപയുടെ പദ്ധതികള്‍ കിഫ്ബി പ്രഖ്യാപിച്ചെങ്കിലും നടപ്പിലായത് 30000 കോടിക്ക് താഴെയാണ്. പൂര്‍ത്തിയായ പണികള്‍ക്ക് കരാറുകാര്‍ക്ക് ബില്‍ തുകയുടെ കുടിശ്ശിക നല്കാന് കഴിയുന്നില്ല. സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികളെല്ലാം ഒരു വരുമാനവും ലഭിക്കാത്ത പ്രത്യുല്പാദനപരമല്ലാത്തവയാണ്.
മസാല ബോണ്ട് ഇ.ഡി അന്വേഷണത്തെ തുടര്‍ന്ന് വിവാദത്തിലാണ്. ഉത്തരവാദി താന്‍ മാത്രമല്ലെന്ന് പറഞ്ഞ് അന്നത്തെ ധനമന്ത്രി തോമസ് ഐസക് കൈ കഴുകുകയാണ്. മുഖ്യമന്തി ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ പോയി മണിയടിച്ചാണ് മസാല ബോണ്ടിനു വേണ്ടി പണം തേടിയത്. ലണ്ടനില്‍ ഇനി മുഖ്യമന്ത്രി പോയാല്‍ മസാല ദോശ പോലും ആരും തരില്ല. 3000 കോടി രൂപയുടെ കടമാണ് മസാല ബോണ്ട് മുഖേനയുള്ളത്. ധനസമാഹരണ സാദ്ധ്യത അടഞ്ഞതോടെ കിഫ്ബി യുടെ പ്രസക്തി നഷ്ടപ്പെട്ടിരിക്കയാണ്.