ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ് രാഹുല്‍ ഗാന്ധി

കല്‍പറ്റ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായ രണ്ടാംവട്ടവും കേരളത്തിലെ വയനാട് മണ്ഡലത്തില്‍ നിന്ന് ജനവിധി തേടുകയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. 2019ലെ കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാല് ലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ഇത് സംസ്ഥാനത്തെ എക്കാലത്തെയും വലിയ ഭൂരിപക്ഷത്തിന്‍റെ റെക്കോര്‍ഡായി. മലപ്പുറത്ത് മത്സരിച്ച മുസ്ലീ ലീഗിന്‍റെ പി കെ കുഞ്ഞാലിക്കുട്ടിയും ഒരു റെക്കോര്‍ഡിട്ടു. 

കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ് വയനാട് ലോക്‌സഭ സീറ്റ്. എം ഐ ഷാനവാസ് 2009ല്‍ 1,53,439 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിച്ചയിടം. എന്നാല്‍ 2014ല്‍ ഷാനവാസിന്‍റെ ഭൂരിപക്ഷം 20,870 വോട്ടുകളായി കുറഞ്ഞു. 2019ല്‍ കോണ്‍ഗ്രസ് ദേശീയ നേതാവ് രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ഥിയായി വയനാട്ടില്‍ മത്സരിക്കാനെത്തിയതോടെ കേരളത്തിന്‍റെ ശ്രദ്ധ വയനാട്ടിലേക്ക് ചുരം കയറി. സിപിഐയിലെ പിപി സുനീറായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ഥി. എന്‍ഡിഎയ്ക്കായി ബിഡിജെഎസിന്‍റെ തുഷാര്‍ വെള്ളാപ്പള്ളിയും മത്സരിച്ചു. 80.37% ശതമാനം പോളിംഗ് രേഖപ്പെടുത്തിയ മണ്ഡലത്തില്‍ 10,87,783 പേര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി 4,31,770 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിക്കുന്നതാണ് കണ്ടത്. കേരളത്തിന്‍റെ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ലോക്‌സഭയിലെ എക്കാലത്തെയും ഉയര്‍ന്ന ഭൂരിപക്ഷമായി രാഹുല്‍ ഗാന്ധിയുടെ വയനാട് ജയം മാറി.

Leave a Reply

Your email address will not be published. Required fields are marked *