പി.സി ജോർജിനെ NDA പരിപാടികളിൽ നിന്ന് മാറ്റി

കോട്ടയം: സ്വന്തം പാർട്ടിയായിരുന്ന ജനപക്ഷത്തെ ബിജെപിയില്‍ ലയിപ്പിച്ച് രാഷ്ട്രീയ തിരിച്ചുവരവിന് ശ്രമിച്ച പിസി ജോർജിന് ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് കനത്ത തിരിച്ചടി. എൻഡിഎയുടെ പരിപാടികളില്‍ നിന്ന് അകറ്റി നിർത്തിയാണ് തുഷാർ വെള്ളാപ്പള്ളി പിസി ജോർജിനെ ഒതുക്കുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പത്തനംതിട്ടയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന പി.സി. ജോർജ്ജിന് ആദ്യം തിരിച്ചടിയായത് അവിടെ അനില്‍ ആൻ്റണി സ്ഥാനാർത്ഥിയായതാണ്.
ഇതിനെതിരെ പരസ്യമായി പ്രതികരിച്ച ജോർജ് വെള്ളാപ്പള്ളി നടേശനെതിരെയും മകൻ തുഷാർ വെള്ളാപ്പള്ളിക്കെതിരെയും രൂക്ഷമായ ഭാഷകള്‍ ഉപയോഗിച്ചു. ഇതോടെ എന്തുവന്നാലും പിസി ജോർജുമായി തെരഞ്ഞെടുപ്പ് കാലത്ത് ബിഡിജെഎസ് സഹകരിക്കില്ലെന്ന് ഉറപ്പിച്ചിരിക്കുകയാണ്. തുഷാര്‍ സ്മാള്‍ ബോയ് ആണെന്ന് പറഞ്ഞ പിസി ജോര്‍ജിനെ കോട്ടയത്തെ എന്‍ഡിഎയുടെ തിരഞ്ഞെടുപ്പ് കണ്വന്ഷന് യോഗത്തിലേക്ക് ക്ഷണിച്ചില്ല.
വിളിച്ചില്ല, അതുകൊണ്ട് പങ്കെടുക്കില്ല എന്നാണ് പിസി ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞത്. ബിജെപിയും മുന്നണി നേതൃത്വവുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് എന്നായിരുന്നു തുഷാര്‍ വെള്ളാപ്പള്ളിയുമായി അടുപ്പമുള്ളവരുടെ പ്രതികരണം. രമ്യതയ്ക്ക് വേണ്ടി ബിജെപി സംസ്ഥാന നേതൃത്വം ഇടപെട്ട് നടത്തിയ ശ്രമങ്ങള്‍ വിജയം കണ്ടില്ലെന്നാണ് വ്യക്തമാകുന്നത്.