കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ, കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് സിപിഎം ബന്ധം ഉപേക്ഷിച്ച് കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ ചെറിയാന് ഫിലിപ്പ്. കെ.വി. തോമസിന്റേത് രാഷ്ട്രീയ ആത്മഹത്യയാണ് ,അന്ത്യവിശ്രമത്തിന് തെമ്മാടിക്കുഴിയില്‍ പോലും സ്ഥാനം ലഭിക്കില്ലെന്നും ചെറിയാന് ഫിലിപ്പ് മുന്നറിയിപ്പ് നല്കി. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനെതിരെ ഇതിന് മുന്‍പും ചെറിയാന് ഫിലിപ്പ് കെ.വി. തോമസിന് ശക്തമായ ഭാഷയില്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.
പാര്‍ട്ടി ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റെയും വിലക്കിന് പുല്ലുവില നില നല്‍കിയാണ് കണ്ണൂരിലെത്തി സിപിഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ.വി. തോമസ് പ്രതികരിച്ചത്. പാര്‍ട്ടികോണ്‍ഗ്രസില്‍ പങ്കെടുത്ത് തനിക്ക് അനുവദിച്ച അരമണിക്കൂറില്‍ തനിക്ക് പറയാനുള്ളതു പറയും. എഐസിസി അംഗമായ എന്നെ പുറത്താക്കാന്‍ അധികാരം എഐസിസിക്കാണ്. അതുപോലും അറിയാതെയാണ് പുറത്താക്കുമെന്നു പറയുന്നതെന്നും കെ.വി. തോമസ് ചൂണ്ടിക്കാട്ടിയിരുന്നു.