ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സിപിഎം ഇറങ്ങിയതിന്റെ ഭാഗമാണ് കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രണമെന്ന് പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ : ബോംബ് രാഷ്ട്രീയം തകര്‍ന്നപ്പോള്‍ പുതിയ നുണ ബോംബുമായി സിപിഎം ഇറങ്ങിയതിന്റെ ഭാഗമാണ് കെകെ ശൈലജയ്‌ക്കെതിരായ സൈബര്‍ ആക്രണമെന്ന പരാതിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. സ്ത്രീകളെയോ എതിര്‍ സ്ഥാനാര്‍ത്ഥികളെയോ അപമാനിക്കുന്നതിനെ യു.ഡി.എഫ് ഒരു കാലത്തും പ്രോത്സാഹിപ്പിച്ചിട്ടില്ല. ഇത്തരം കാര്യങ്ങള്‍ സി.പി.എമ്മാണ് ചെയ്യുന്നത്. വൈകാരികമായി തൊണ്ടയിടറി പറഞ്ഞെന്ന തരത്തില്‍ ഇപ്പോള്‍ വാര്‍ത്ത വരുത്തിക്കുകയാണ്.

കെ.കെ രമയെ ആസ്ഥാന വിധവയെന്ന് വിളിച്ച് ആക്ഷേപിച്ചപ്പോള്‍ ശൈലജയെയോ ബൃന്ദാ കാരാട്ടിനെയോ കണ്ടില്ല. ലതികാ സുഭാഷിനെയും ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ അതിജീവിതയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോഴും സ്ത്രീപക്ഷ വാദികളെ ആരെയും കണ്ടില്ല. സ്വന്തം ജില്ലാ സെക്രട്ടറിയുടെ കട്ടിലിന്റെ അടിയില്‍ ക്യാമറ വച്ച സി.പി.എമ്മുകാര്‍ എന്തും ചെയ്യാന്‍ മടിക്കില്ല. ഇതുപോലെയൊന്നും കോണ്‍ഗ്രസും യുഡിഎഫും അധപതിക്കില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആരോഗ്യമന്ത്രിയായിരുന്ന ശൈലജയ്ക്കെതിരെ യു.ഡി.എഫ് രാഷ്ട്രീയ ആരോപണങ്ങള്‍ ഇനിയും ഉന്നയിക്കും. 1032 കോടിയുടെ അഴിമതി ആരോപണം അവര്‍ക്കെതിരെയുണ്ട്. കോവിഡ് മരണങ്ങള്‍ മറച്ചുവയ്ക്കാന്‍ ഉപയോഗിച്ച അതേ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ചാണ് ഇപ്പോള്‍ നുണ ബോംബ് പൊട്ടിക്കാന്‍ ഇറങ്ങിയിരിക്കുന്നതെന്നും സതീശന്‍ ആരോപിച്ചു.തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചയില്‍ പുതിയ സാധനവുമായി ഇറങ്ങിയിരിക്കുയാണ്. ഇതൊന്നും ഇവിടെ ഓടില്ല. പരാതി നല്‍കിയിട്ടും പൂഴ്ത്തി വച്ച പിണറായി വിജയനാണ് ഈ സംഭവങ്ങളിലെ ഒന്നാം പ്രതിയെന്നും സതീശന്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *