കൊല്ലം: ഉത്സവത്തിനിടെയുണ്ടായ സംഘര്‍ഷത്തില്‍ യുവാവ് കൊല്ലപ്പെട്ടു. കൊല്ലം കോക്കാട് മനുവിലാസത്തില്‍ മനോജാണ് (39) കൊല്ലപ്പെട്ടത്. യൂത്ത് ഫ്രണ്ട്(ബി) മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോണ്‍ഗ്രസ് ബി ആരോപിച്ചു.
കോക്കാട് ശിവക്ഷേത്രത്തില്‍ കഴിഞ്ഞ രാത്രിയുണ്ടായ സംഘര്‍ഷത്തിലാണ് മനോജിന് വെട്ടേറ്റത്. കഴുത്തിന് വെട്ടേറ്റ മനോജിന്റെ കൈവിരലുകള്‍ വെട്ടിമാറ്റിയ നിലിയിലായിരുന്നു. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് മനോജിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മനോജിനെ കൊലപ്പെടുത്തിയത് കോണ്‍ഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്കുമാര് എംഎല്‍എ ആരോപിച്ചു. എന്നാല്‍ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. സംഭവത്തില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നും മനോജിന്റെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെപിസിസി നിര്‍വാഹക സമിതി അംഗം ജ്യോതികുമാര്‍ ചാമക്കാല ആവശ്യപ്പെട്ടു.