എന്‍.സി.പി കേരളാ ഘടകം പിളരുന്നു, കുട്ടനാട് എം.എല്‍.എ തോമസ് കെ തോമസ് മാണി.സി.കാപ്പനോടൊപ്പം യു.ഡി.എഫിലേക്ക്

ചര്‍ച്ചകള്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ ഔദ്യോഹിക വസതിയില്‍
തിരുവനന്തപുരം: എന്‍.സി.പി കേരളാ ഘടകം പിളര്‍പ്പിലേക്ക്. രണ്ട് എംഎല്‍എമാരുള്ള എന്‍.സി.പിയില്‍ കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് യു.ഡി.എഫ് മുന്നണിയിലുള്ള പാല എംഎല്‍എ മാണി.സി. കാപ്പന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയില്‍ ചേരാനൊരുങ്ങുന്നു. എന്‍.സി.പിയിലെ പടലപിണക്കങ്ങളും മന്ത്രി സ്ഥാനം വെച്ചുമാറാത്തതിലുള്ള പ്രതിഷേധവുമാണ് തോമസ്.കെ. തോമസ് യുഡിഎഫ് ക്യാമ്പിലേക്ക് ചേക്കേറുന്നത്.
എന്‍.സി.പി നേതാവും വനം വകുപ്പ് മന്ത്രിയുമായ എ.കെ ശശീന്ദ്രനുമായി മന്ത്രിസ്ഥാനം രണ്ടര വര്‍ഷം കഴിഞ്ഞ് തോമസ് കെ തോമസിന് നല്‍കാമെന്ന ധാരണയുണ്ടായിരുന്നു. എന്നാല്‍ പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എല്‍.ഡി.എഫ് സര്‍ക്കാരില്‍ മൂന്ന് വര്‍ഷം പിന്നിട്ടിട്ടും മന്ത്രി സ്ഥാനം വിട്ട് കൊടുക്കാന്‍ എ.കെ ശശീന്ദ്രന് തയ്യാറായില്ല. ശശീന്ദ്രന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോയുടെ ശക്തമായ പിന്തുണയുമുണ്ട്. ശരത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പി ദേശീയ നേതൃത്വം പി.സി ചാക്കോയെ പിന്തുണയ്ക്കുന്നവരാണ്. അതുകൊണ്ട് തന്നെ തനിക്ക് മന്ത്രിസ്ഥാനം കിട്ടില്ലെന്ന വിഷമത്തിലാണ് തോമസ്.കെ. തോമസ് മാണി സി കാപ്പന്റെ പാര്‍ട്ടിയില്‍ ചേര്‍ന്ന് യുഡിഎഫ് ക്യാമ്പിലെത്തുന്നത്. തോമസ് കെ തോമസിന്റെ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ്.

ശനിയാഴ്ച മഹാരാഷ്ട്രയില്‍ ചേര്‍ന്ന എന്‍.സിപി ദേശീയ നിര്‍വാഹക സമിതി യോഗത്തില്‍ തോമസ് കെ തോമസിന്റെ മന്ത്രിസ്ഥാനത്തില്‍ തീരുമാനമുണ്ടാകുമെന്നായിരുന്നു നേതാക്കള്‍ ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ യോഗത്തില്‍ നേതാക്കള്‍ എ.കെ ശശീന്ദ്രനെ പിന്തുണയ്ക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഇതിനെ തുടര്‍ന്ന് തോമസ് കെ തോമസ് യോഗത്തില്‍ പങ്കെടുക്കാതെ തിരികെ മടങ്ങിയിരുന്നു.
തുടര്‍ന്നാണ് മാണി.സി കാപ്പന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോണ്‍ഗ്രസ് കേരളയില്‍ ചേരാന്‍ തീരുമാനിച്ചത്. നിയമസഭാ സമ്മേളനത്തിനിട്ക്ക് ഇത് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ ഇരുവരും ആരംഭിക്കുകയും പ്രതിപക്ഷ നേതാവ് വിഡി സതീശന് അടക്കമുള്ള യുഡിഎഫ് നേതാക്കളെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്നാണ് വിവരം.