അടിവസ്ത്രക്കേസില്‍ ആന്റണി രാജുവിനെ സംരക്ഷിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം; ലഹരിക്കടത്ത് കേസില്‍ പ്രതിയായ വിദേശിയെ രക്ഷിക്കാന്‍ തൊണ്ടിമുതലായ അടിവസ്ത്രം ചെറുതാക്കിയ കേസില്‍ മുന്‍മന്ത്രിയും അഭിഭാഷകനുമായ ആന്രണി രാജുവിനെ സംരക്ഷിച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. അടുത്തയിടെ മരിച്ച അഭിഭാഷക സെലിന് വില്‍ഫ്രെഡിനെ കേസിലേക്ക് അനാവശ്യമായി വലിച്ചാണ് ആന്റണി രാജുവിന് സര്‍ക്കാര്‍ സംരക്ഷണമൊരുക്കിയത്. സീനിയറായിരുന്ന അഡ്വ.സെലിന് ആകാം തൊണ്ടിയായ അടിവസ്ത്രത്തില്‍ തിരിമറി നടത്തിയത് എന്നായിരുന്നു കോടതിയിലെ സര്‍ക്കാരിന് വേണ്ടി ഹാജരായ പിവി ദിനേശ് പരാമര്‍ശിച്ചത്. എന്നാല്‍ ആന്റണി രാജുവിനോടുള്ള സര്‍ക്കാരിന്റെ നിലപാടുമാറ്റം തിരിച്ചറിഞ്ഞ കോടതി, വേണ്ടിവന്നാല്‍ കേസ് സിബിഐക്ക് വിടാന്‍തക്ക ഗൌരവമുണ്ടെന്ന് മുന്നറിയിപ്പ് നല്കി.
മുന്‍പേതോ പോലീസ് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ടെന്ന ന്യായം പറഞ്ഞാണ് മരിച്ചുപോയ സീനിയര്‍ അഭിഭാഷകയെ തിരിമറിയുടെ ഉത്തരവാദിത്തത്തിലേക്ക് കൊണ്ടുവരാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഇവരുടെ നിര്‍ദേശപ്രകാരമാകാം ജൂനിയറായിരുന്ന ആന്റണി രാജു തൊണ്ടിമുതല്‍ കോടതിയില്‍ നിന്നെടുത്ത് തിരിമറി നടത്തിയത് എന്നാണ് സര്‍ക്കാര്‍ വാദം. എന്നാല്‍ 1990 മുതലുള്ള അന്വേഷണത്തില്‍ ഒരുഘട്ടത്തിലും ആന്റണി രാജു പോലും ഇത്തരമൊരു ഒരു മൊഴി നല്‍കിയിട്ടില്ല. ആരു പറഞ്ഞിട്ട് ചെയ്താലും കുറ്റം കുറ്റമല്ലാതാകുന്നില്ല എന്ന അടിസ്ഥാന വസ്തുത പോലും മറന്നിട്ടാണ് സര്‍ക്കാര്‍ വാദമുന്നയിച്ചത്. പോരാത്തതിന് നല്ല നിയമപരിജ്ഞാനമുള്ള അഭിഭാഷകനാണ് പ്രതിയെന്ന പരിഗണന പോലുമില്ല.
തിരുവനന്തപുരം ബാറിലെ മുതിര്‍ന്ന അഭിഭാഷകയായിരുന്ന സെലിന് വില്‍ഫ്രഡ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ 87ാം വയസിലാണ് മരിച്ചത്. അരനൂറ്റാണ്ടിലേറെ അഭിഭാഷക ആയിരുന്ന അവര്‍ ഒട്ടേറെ കേസുകളില്‍ സര്‍ക്കാരിന് വേണ്ടിയും ഹാജരായിരുന്നു. സര്‍ക്കാരും പോലീസും പ്രതിക്കൂട്ടിലായ ചെറിയതുറ വെടിവയ്പ് പോലെ പലതിലും സര്‍ക്കാരിന്റെ മുഖം രക്ഷിച്ചതും അവരായിരുന്നു. എന്നാലിപ്പോള്‍ സെലിന് വില്‍ഫ്രഡ് മരിക്കാന്‍ കാത്തിരുന്നു, അവര്‍ക്ക് മേല്‍ കുറ്റംചാര്‍ത്തി ആന്റണി രാജുവിനെ രക്ഷിക്കാന്‍ എന്നത് പോലെയായി സര്‍ക്കാര്‍ നീക്കം. ആന്റണി രാജു അറിയാതെ ഇത്തരമൊരു നീക്കം സര്‍ക്കാര്‍ പക്ഷത്ത് നിന്നുണ്ടാകില്ലെന്നും വ്യക്തമാണെന്നും ആരോപണമുണ്ട്.
അതേസമയം കേസ് ഗൌരവമെന്നും ആന്റണി രാജുവിന്റെ പങ്ക് വ്യക്തമാണെന്നും മുന്‍പ് റിപ്പോര്‍ട്ട് നല്കിയ സര്‍ക്കാര്‍ ഇപ്പോള്‍ എന്താണ് നിലപാട് മയപ്പെടുത്തുന്നത് എന്ന് ഇന്ന് സുപ്രീം കോടതി ചോദിച്ചു. ആരെങ്കിലും ശിക്ഷിക്കപ്പെടുക എന്നതല്ല, നിയമം സംരക്ഷിക്കപ്പെടുക എന്നതാണ് പ്രധാനമെന്ന് പിവി ദിനേശ് ഉന്നയിച്ചു. കോടതിയുടെ കസ്റ്റഡിയിലിരുന്ന തൊണ്ടിവസ്തുവില്‍ തിരിമറി നടത്തിയത് ചെറിയ കാര്യമല്ല. വിഷയം അതീവ ഗൌരവമാണെന്നും ഈ പ്രവണത അംഗീകരിക്കാന്‍ കഴിയില്ലെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. ഇതില്‍ കോടതി ഇടപെട്ടില്ലെങ്കില്‍ പലര്‍ക്കും പ്രോത്സാഹനം ആകും. സത്യം കണ്ടെത്താന്‍ ഏതറ്റം വരെയും പോകും. വേണ്ടിവന്നാല്‍ കേസ് സിബിഐക്ക് വിടാന്‍ ഉത്തരവിടാന്‍ അധികാരമുണ്ടെന്നും കോടതി ഓര്‍മിപ്പിച്ചു.