ഐഎസ്എല്‍ ആദ്യപാദ സെമിയില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പുര്‍ എഫ്സിക്കെതിരേ

ഇന്ത്യൻ സൂപ്പർ ലീഗിൽ കേരളബ്ലാസ്റ്റേഴ്സ് സെമി ഫൈനലിനിറങ്ങുന്നു. കരുത്തരായ ജംഷഡ്പുർ എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിൻറെ എതിരാളികൾ രാത്രി 7.30നാണ് മത്സരം. 15നാണ് ഇരു ടീമുകളും തമ്മിലുള്ള രണ്ടാം പാദ സെമി പോരാട്ടം.
2021 – 2022 സീസൺ ലീഗ് വിന്നേഴ്സ് ഷീൽഡ് സ്വന്തമാക്കിയ ടീമാണ് ഇരുമ്പ് സംഘമായ ജംഷഡ്പുർ എഫ്സി. ലീഗ് റൗണ്ടിൽ ജംഷഡ്പുർ എഫ്സിയെ രണ്ട് തവണ നേരിട്ടെങ്കിലും ബ്ലാസ്റ്റേഴ്സിന് ജയം നേടാൻ സാധിച്ചിരുന്നില്ല. ആദ്യ പാദത്തിൽ 1 – 1 സമനിലയായിരുന്നു ഫലം, രണ്ടാം പാദത്തിൽ 3 – 0ന് ജംഷഡ്പുർ ജയം ആഘോഷിച്ചു.ഈ സീസൺ ഐഎസ്എൽ സെമിയിൽ എവേ ഗോളിൻറെ അനുകൂല്യം ഇല്ല. അതുകൊണ്ടുതന്നെ മുഴുവൻ കരുത്തുമായി ബ്ലാസ്റ്റേഴ്സ് ജംഷഡ്പുർ എഫ്സിക്കെതിരായ ആദ്യ പാദ സെമിയിൽ ഇറങ്ങാനാണ് സാധ്യത.
രണ്ട് മത്സര വിലക്ക് കഴിഞ്ഞ് പ്രതിരോധ താരം ഹർമൻജോത് ഖബ്രയും പരുക്കിൽനിന്ന് മുക്തമായ ജീക്സണും നിഷുവും ഇന്നു കളിക്കും. ഗോൾ വലയ്ക്ക് മുന്നിൽ ആരിറങ്ങും എന്ന ചോദ്യം അപ്രസക്തം. കാരണം, പ്രഭ്സുഖൻ സിംഗ് ഗിൽ അല്ലാതെ നിലവിൽ മറ്റൊരു താരം ബ്ലാസ്റ്റേഴ്സിൻറെ ഗ്ലൗ അണിയില്ല. 17 മത്സരങ്ങളിൽ ആറ് ക്ലീൻ ഷീറ്റാണ് ഗില്ലിനുള്ളത്. 2021 – 2022 സീസൺ ലീഗ് റൗണ്ടിലെ അവസാന മത്സരത്തിൽ എഫ്സി ഗോവയ്ക്കെതിരേ 4 – 4 സമനില ബ്ലാസ്റ്റേഴ്സ് വഴങ്ങിയതോടെ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനുള്ള പോരാട്ടത്തിൽ ഗിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നതും ശ്രദ്ധേയം. ഗോവയ്ക്കെതിരായ മത്സരത്തിനു മുമ്പ് വരെ ഗിൽ ആയിരുന്നു ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനുള്ള പട്ടികയിൽ ഒന്നാമത്.
ജംഷഡ്പുർ എഫ്സിയുടെ മലയാളി ഗോളിയായ ടി.പി. രഹനേഷ് ആണ് നിലവിൽ ഗോൾഡൻ ഗ്ലൗ പുരസ്കാരത്തിനുള്ള പട്ടികയിൽ ഒന്നാമത്. ബ്ലാസ്റ്റേഴ്സ്-ജംഷഡ്പുർ പോരാട്ടം ഗോൾഡൻ ഗ്ലൗവിനുള്ള രണ്ട് ഗോളിമാർ തമ്മിലുള്ള കൊമ്പുകോർക്കൽ കൂടിയാണെന്നതും വാസ്തവം. 85.26 മിനിറ്റ് ആണ് രഹനേഷ് വഴങ്ങുന്ന ഓരോ ഗോളും തമ്മിലുള്ള സമയ ദൈർഘ്യം. ഗില്ലിൻറേത് 76.53ഉം.