42 കോടി മുതൽ മുടക്കുള്ള വമ്പൻ പദ്ധതി; ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം ഉദ്ഘാടനം നാളെ

കണ്ണൂര്‍: കണ്ണൂർ കെൽട്രോൺ കോംപണന്‍റ് കോപ്ലക്‌സിൽ ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം നാളെ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30നാണ് ചടങ്ങുകൾ. കല്ല്യാശ്ശേരി കെൽട്രോണിൽ നടക്കുന്ന ചടങ്ങിൽ വ്യവസായ, നിയമ വകുപ്പ് മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കും. എം വിജിൻ എംഎൽഎ അധ്യക്ഷനാവും.
ആദ്യഘട്ടം 18 കോടി രൂപയും മൊത്തം 42 കോടി രൂപയും മുതൽ മുടക്കുള്ള ഈ പദ്ധതി ഇന്ത്യയിലെ ആദ്യത്തെ സൂപ്പർകപ്പാസിറ്റർ ഉൽപ്പാദന കേന്ദ്രം സ്ഥാപിക്കാൻ വേണ്ടിയുള്ളതാണ്. ഇതിൽ ആദ്യഘട്ടം പൂർത്തിയായതിന്റെ ഉദ്ഘാടനമാണ് ഇപ്പോൾ നടക്കുന്നത്. പുതിയ സാങ്കേതികവിദ്യയുടെ വികസനത്തിനായി കെൽട്രോൺ പ്രധാന കേന്ദ്രസർക്കാർ ഗവേഷണ സ്ഥാപനങ്ങളായ ഐസ്ആർഒ, സിഎംഇടി, എൻഎംആർഎൽ (ഡിആർഡിഒ) എന്നിവയുമായി വർഷങ്ങളായി സഹകരിച്ചു വരികയാണ്. ഐസ്ആർഒയുടെ സാങ്കേതിക സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പദ്ധതിയിൽ നാല് കോടി രൂപ ചെലവിൽ നിർമ്മിച്ച ഡ്രൈറൂമുകളും, വിദേശത്തു നിന്നും ഇറക്കുമതി ചെയ്തവയുൾപ്പെടെ 11ൽ പരം മെഷിനറികളും ഉൾപ്പെടുന്നു. നാലാം വർഷത്തോടെ 22 കോടി രൂപയുടെ വാർഷിക വിറ്റുവരവും മൂന്ന് കോടി രൂപയുടെ വാർഷിക ലാഭവും പ്രതീക്ഷിക്കുന്നു. ഉൽപാദന ശേഷി പ്രതിദിനം 2000 സൂപ്പർ കപ്പാസിറ്ററുകളായിരിക്കും. ഈ ഉൽപ്പാദന കേന്ദ്രം വന്നതോടുകൂടി കെസിസിഎൽ ലോകനിലവാരമുള്ള ഇലക്ട്രോണിക്‌സ് കോംപണന്റ്‌സ് ഉല്പാദകരിലൊന്നായി മാറി.