നിയമസഭാഗത്വം രാജിവെച്ച് ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ പി വി അന്‍വര്‍

തിരുവനന്തപുരം: സിപിഎമ്മുമായും മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി വി അന്‍വര്‍ നിയമനസഭാഗത്വം രാജിവെച്ച് ഉപതരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. സംസ്ഥാനത്ത് നിലവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കേണ്ട ചേലക്കര, പാലക്കാട് നിയമസഭാമണ്ഡലത്തോടൊപ്പം നിലമ്പൂരും അന്‍വര്‍ രാജിവെച്ചാല്‍ തെരഞ്ഞെടുപ്പിനെ നേരിടേണ്ടി വരും. ഇത് കൂടി കണക്കിലെടുത്താണ് ഇന്നത്തെ പൊതു സമ്മേളനത്തിലോ നാളെ നിയമസഭയിലോ അന്‍വര്‍ രാജിപ്രഖ്യാപിച്ചേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. നിയമസഭാഗത്വം രാജിവെച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട് വീണ്ടും ജയിച്ചുകയറാമെന്ന ആത്മവിശ്വാസമാണ് അന്‍വറിനെ ഇതിന് പ്രേരിപ്പിക്കുന്നത്.

മുഖ്യമന്ത്രിയുമായും എല്‍ഡിഎഫുമായും ഇടഞ്ഞ് നില്‍ക്കുന്ന അന്‍വറിനെ പ്രതിപക്ഷ കക്ഷികളും ഇതുവരെ പിന്തുണച്ചിട്ടില്ല. തമിഴ്‌നാട്ടിലെ ഡിഎംകെയുമായി സഹകരിക്കാനിരുന്ന അന്‍വറിന്റെ ഡിഎംകെ പ്രവേശനം ഡിഎംകെ വക്താവ് ഇന്ന് തള്ളിയിരുന്നു. അന്‍വറിനെ പാര്‍ട്ടിയില്‍ എടുക്കില്ലെന്നും ഡിഎംകെ നേതൃത്വം വ്യക്തമാക്കിയതായും സൂചനയുണ്ട്. എന്നാല്‍ ഡിഎംകെ കേരളാനേതൃത്വം അദ്ദേഹത്തെപിന്തുണക്കുന്നുണ്ട്. അന്‍വറിന്റെ ഇന്നത്തെ മഞ്ചേരിയിലെ യോഗത്തില്‍ പതിനായിരക്കണക്കിന് പ്രവര്‍ത്തകരാണ് കനത്ത മഴയെ അവഗണിച്ച് പങ്കെടുക്കുന്നത്.

കേരളത്തിലെ എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ആളെ എടുക്കുന്നത് മുന്നണി മര്യാദയ്ക്ക് വിരുദ്ധമെന്ന് ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ വിഷയത്തില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി സ്റ്റാലിന്‍ എടുക്കുമെന്നും ഇളങ്കോവന്‍ വ്യക്തമാക്കിയിരുന്നു. അന്‍വറുമായി ചെന്നൈയില്‍ ഡിഎംകെ നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. ചര്‍ച്ചയുടെ വിവരങ്ങള്‍ പുറത്ത് വിടുന്നത് ശരിയല്ലെന്നതിനാല്‍ മാധ്യമങ്ങളോട് വിശദീകരിക്കാന്‍ തയ്യാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മുതിര്‍ന്ന നേതാവ് സെന്തില്‍ ബാലാജി വഴിയാണ് അന്‍വറിന്റെ നീക്കങ്ങള്‍. എന്നാല്‍ സ്റ്റാലിനുമായി നല്ല ബന്ധം പുലര്‍ത്തുന്ന മുഖ്യമന്ത്രി പിണറായി വിജയനെ പിണക്കാന്‍ നിലവില്‍ ഡിഎംകെ തയ്യാറാകാന്‍ സാധ്യതയില്ല. ഈ സാഹചര്യത്തില്‍ അന്‍വറിന്റെ ഡിഎംകെ പ്രവേശനം നടക്കാനിടയില്ലെന്നാണ് വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *