മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം, അൻവറിന്‍റെ ഫോൺ ചോർത്തൽ; ഡിജിപിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കണം

തിരുവനന്തപുരം: ദി ഹിന്ദു ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശ വിവാദത്തിലും പി വി അന്‍വറിന്റെ ഫോണ്‍ ചോര്‍ത്തല്‍ വിവാദത്തിലും ഡി ജി പിയും ചീഫ് സെക്രട്ടറിയും ഗവര്‍ണര്‍ക്ക് ഇന്ന് വിശദീകരണം നല്‍കണം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ നേരത്തെ തന്നെ ആവശ്യപ്പെട്ട വിശദീകരണത്തില്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാകാത്തതോടെയാണ് ഗവര്‍ണര്‍, ഡി ജി പിയെയും ചീഫ് സെക്രട്ടറിയെയും വിളിച്ചുവരുത്തിയത്. ഇന്ന് വൈകിട്ട് നാല് മണിക്ക് രാജ്ഭവനില്‍ എത്തിച്ചേരാനാണ് ഇരുവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.

മലപ്പുറത്തെ സ്വര്‍ണക്കടത്ത്, ഹവാല കേസുകള്‍ വിശദീകരിക്കണമെന്നും ഇതില്‍ ഉള്‍പ്പെട്ട ദേശവിരുദ്ധ ശക്തികള്‍ ആരെന്നും വ്യക്തമാക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരം അറിഞ്ഞിട്ടും എന്തുകൊണ്ട് അറിയിച്ചില്ലെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

വിശദ വിവരങ്ങള്‍ ഇങ്ങനെ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ അസാധാരണ നീക്കമാണ് ഗവര്‍ണര്‍ നടത്തിയത്. മലപ്പുറം പരാമര്‍ശത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തെ വെട്ടിലാക്കാനായെന്ന് ആശ്വസിച്ചിരിക്കെയാണ് സര്‍ക്കാറിന് അടുത്ത പ്രതിസന്ധി. മലപ്പുറം പരാമര്‍ശം വിടാതെ പിടിച്ച് ഗവര്‍ണ്ണര്‍ നീങ്ങിയത് കടുത്ത നടപടിയിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. ദി ഹിന്ദുവിലെ മുഖ്യമന്ത്രിയുടെ വിവാദ അഭിമുഖമാണ് പ്രശ്‌നം.

മലപ്പുറത്തെ സ്വര്‍ണ്ണക്കടത്തിലെയും ഹവാല ഇടപാടിലെയും പണം ദേശദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുണ്ടെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശമാണ് ഗവര്‍ണ്ണര്‍ ഏറ്റെടുത്തിരിക്കുന്നത്. ഇത് വിശദീകരിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് രാജ്ഭവന്‍ കത്ത് നല്‍കിയിരുന്നു. മറുപടി നല്‍കാതിരിക്കെയാണ് ഡി ജി പിയോടൊപ്പം എത്താന്‍ ചീഫ് സെക്രട്ടറിക്കുള്ള നിര്‍ദ്ദേശം. ഒപ്പം ഫോണ്‍ ചോര്‍ത്തലിനെ കുറിച്ചുള്ള പിവി അന്‍വറിന്റെ പരാമര്‍ശത്തിലും ഗവര്‍ണ്ണര്‍ ആവശ്യപ്പെട്ട മറുപടി സര്‍ക്കാര്‍ നല്‍കിയിട്ടില്ല. ഇതും വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

പരാമര്‍ശം ഹിന്ദു തിരുത്തി എന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ നല്‍കുന്ന വിശദീകരണം. പക്ഷെ കേസുകളെ കുറിച്ചുള്ള സ്‌ഫോടനാത്മകമായ വിവരം അഭിമുഖത്തില്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ടത് കെയ്‌സന്‍ എന്ന പി ആര്‍ ഏജന്‍സിയാണെന്ന ഹിന്ദുവിന്റെ വിശദീകരണത്തില്‍ ഇതുവരെ മുഖ്യമന്ത്രി ഒരു നടപടിയുമെടുത്തിട്ടില്ല. അഭിമുഖം വളച്ചൊടിച്ചെങ്കില്‍ ഏജന്‍സിക്കും ഹിന്ദുവിനുമെതിരെ ഇത്ര ദിവസം എന്ത് ചെയ്തുവെന്ന് ഗവര്‍ണ്ണര്‍ ചോദിച്ചാല്‍ ചീഫ് സെക്രട്ടറി എന്ത് മറുപടി നല്‍കുമെന്നതാണ് പ്രശ്‌നം. മറുപടി തൃപ്തികരമല്ലെങ്കില്‍ മുഖ്യമന്ത്രിയെവരെ വിളിപ്പിക്കുന്ന അത്യസാധാരണ നടപടിയിലേക്കും രാജ്ഭവന്‍ കടന്നേക്കാം.

Leave a Reply

Your email address will not be published. Required fields are marked *