ഘടകകക്ഷി മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളെ സി.ഐ.ടി.യു – സി പി എം നേതാക്കൾ നാണം കെടുത്തുന്നു; ആരോപണവുമായി ഘടകകക്ഷി നേതാക്കൾ രംഗത്ത്

തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. യും കെ.എസ്.ഇ.ബി. യും ഭരിക്കുന്നത് ഘടകകക്ഷിയില്‍പ്പെട്ട മന്ത്രിമാരാണ്. ഘടകകക്ഷിയില്‍പെട്ട മന്ത്രിമാര്‍ ഭരിക്കുന്ന വകുപ്പുകളെ നാണം കെടുത്താനുള്ള സമരതന്ത്രമാണ് സി.ഐ.ടി.യും സി പി എം നേതാക്കളും ഇപ്പോള്‍ നടത്തുന്നതെന്ന ആരോപണവുമായി എല്‍ ഡി എഫിലെ ഘടകകക്ഷി നേതാക്കള്‍ രംഗത്ത് എത്തി.
കെ.എസ്.ആര്.ടി.സി. ഉള്‍പ്പെടുന്ന ഗതാഗതവകുപ്പിലും കെ.എസ്.ഇ.ബി. ഉള്‍പ്പെടുന്ന വൈദ്യുതിവകുപ്പിലും ഇപ്പോള്‍ സി.ഐ .ടി.യുവാണ് സമരത്തിനു മുന്നിലുള്ളത്. ഗതാഗതവകുപ്പ് ജനാധിപത്യ കേരളാ കോണ്‍ഗ്രസിലെ ആന്റണി രാജുവും വൈദ്യുതിവകുപ്പ് ജനതാദള്‍ സെക്യുലറിലെ കെ. കൃഷ്ണന്കുട്ടിയുമാണു ഭരിക്കുന്നത്. സി.പി.എം. മന്ത്രിമാരുടെ വകുപ്പുകളില്‍ ഇടപെടാത്ത സി.ഐ.ടി.യു, ഘടകകക്ഷികളുടെ വകുപ്പുകളില്‍ പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്നാണ് ആരോപണം. ഗതാഗത, വൈദ്യുതിവകുപ്പുകള്‍ പൊതുജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്നവയായതിനാല് മന്ത്രിമാര്‍ നിരന്തരം പഴി കേള്ക്കാനിടയാകുന്നുവെന്നു ഘടകകക്ഷി നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കുന്ന ജലവിഭവവകുപ്പില് മാത്രമാണു വലിയപ്രശ്നങ്ങളില്ലാത്തത്. കെ.എസ്.ആര്.ടി.സിയിലും കെ.എസ്.ഇ.ബിയിലും സ്ഥാപനമേധാവികള്‍ക്കെതിരേ ആരംഭിച്ച പ്രതിഷേധം ഇപ്പോള്‍ വകുപ്പുമന്ത്രിമാര്ക്കെതിരേ തിരിഞ്ഞു. പാര്‍ട്ടി സംസ്ഥാനസമ്മേളനത്തില്‍ മുഖ്യമ്രന്തി അവതരിപ്പിച്ച വികസനരേഖയ്ക്ക് എതിരാണു സി.ഐ.ടി.യുവിന്റെ പല നിലപാടുകളുമെന്നു സി.പി.എമ്മിലും ആക്ഷേപമുണ്ട്. പൊതുമേഖലാസ്ഥാപനങ്ങള്‍ കാര്യക്ഷമമായും ലാഭത്തോടെയും പ്രവര്‍ത്തിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാക്കണമെന്നു നയരേഖയില്‍ പറയുന്നു. അതിന് വിരുദ്ധമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍. കെ.എസ്.ആര്.ടി.സിയില്‍ എം.ഡിയെ മാറ്റണമെന്ന് യൂണിയനുകള്‍ ആവശ്യപ്പെടുമ്പോള്‍ കെ.എസ്.ഇ.ബിയില്‍ ചെയര്‍മാന്റെ സമീപനം മാറ്റണമെന്നതാണ് ആവശ്യം.
കെ.എസ്.ഇ.ബി. ചെയര്‍മാനെതിരേ ആരോപണങ്ങളുമായി സി.ഐ.ടി.യു. നയിക്കുന്ന സംഘടന രംഗത്തുവന്നതോടെയാണ് അവിടെ പ്രതിസന്ധി ഉടലെടുത്തത്. അവധിയെടുക്കാതെ ജോലിയില്‍നിന്നു വിട്ടുനിന്നതിനും ബോര്‍ഡ് യോഗത്തില്‍ തള്ളിക്കയറിയതിനും മൂന്ന് നേതാക്കളെ സസ്പെന്‍ഡ് ചെയ്തതോടെ ഓഫീസേഴ്സ് അസോസിയേഷന് സമരം പ്രഖ്യാപിച്ചു. സസ്പെന്ഷന് കഴിഞ്ഞദിവസം പിന്‍വലിച്ചെങ്കിലും നേതാക്കളെ തിരുവനന്തപുരം ജില്ലയ്ക്കു പുറത്തേക്ക് സ്ഥലംമാറ്റിയത് അംഗീകരിക്കില്ലെന്നാണു യൂണിയന് നിലപാട്.
രണ്ടാഴ്ചയിലേറെയായിട്ടും കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ പരിഹരിക്കാത്തതില്‍ സി.പി.എമ്മിനും അതൃപ്തിയുണ്ട്. ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്ന നിലപാടിലുറച്ചാണു പ്രതിഷേധക്കാരെ ചെയര്മാന് സ്ഥലംമാറ്റിയത്. നടപടിക്കു മന്ത്രിയുടെ പിന്തുണയും മുഖ്യമന്ത്രിയുടെ മൗനാനുവാദവുമുണ്ടായിരുന്നെന്നാണു സൂചന. സി.പി.എമ്മിനുള്ളില്‍ ഇതിനെതിരേ അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ പ്രശ്നം എങ്ങനെയും പരിഹരിക്കണമെന്നു പാര്‍ട്ടി നേതൃത്വം മന്ത്രിയോട് ആവശ്യപ്പെട്ടിട്ടുമുണ്ട്. കെ.എസ്.ആര്.ടി.സിയില്‍ ശമ്പളം മുടങ്ങിയതിനേത്തുടര്ന്നാണു സംഘടനകള്‍ സമരരംഗത്തുള്ളത്. ഇക്കാര്യത്തില്‍ മന്ത്രി ആന്റണി രാജു ഉത്തരവാദിത്വമില്ലാതെ പെരുമാറുന്നുവെന്നാണു സി.ഐ.ടി.യുവിന്റെ ആരോപണം.
സര്‍വീസുകളുടെ കാര്യത്തില്‍ അപക്വസമീപനം സ്വീകരിച്ചതാണ് കെ.എസ്.ആര്.ടി.സി. നഷ്ടത്തിലാകാന്‍ കാരണമെന്നു സി.ഐ.ടി.യു. നേതാവ് ആനത്തലവട്ടം ആനന്ദന് തുറന്നടിച്ചു. എന്നാല്‍, പതിറ്റാണ്ടുകളുടെ പഴക്കമുള്ള പ്രതിസന്ധിയുടെ ഉത്തരവാദിത്വം ഒരു വര്‍ഷം മുമ്പ് ചുമതലയേറ്റ ആന്റണി രാജുവിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നുെവന്നാണു ജനാധിപത്യ കേരളാ കോണ്‍ഗ്രസിന്റെ പരിഭവം.ശമ്പളത്തിന്റെ കാര്യത്തില്‍ വകുപ്പുമന്ത്രിക്കെതിരേ രൂക്ഷമായ പ്രതികരണമാണു സി.ഐ.ടി.യു. നടത്തിയത്. കെ-സ്വിഫ്റ്റ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ മുമ്പും പ്രതിഷേധങ്ങളുണ്ടായിരുന്നെങ്കിലും സി.പി.എമ്മിന്റെയും മുഖ്യമന്ത്രിയുടെയും പിന്തുണയില്ലാത്തതിനാല്‍ പരാജപ്പെടുകയായിന്നു.