‘ജനങ്ങൾക്ക് ജുഡീഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടും; മുഖ്യമന്ത്രിക്കെതിരായ കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നു’

കണ്ണൂ‍ർ ∙ മുഖ്യമന്ത്രി പിണറായി വിജയനെതിരെ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് നൽകിയ ഹർജിയിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് അമ്പരപ്പുളവാക്കുന്നതാണെന്ന് സിപിഎം നേതാവ് ഇ.പി. ജയരാജൻ. നവ കേരള സദസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ ഒരു പ്രസ്താവനയുടെ പേരിലാണ് ഈ അന്വേഷണ ഉത്തരവ് എന്ന് പറയുന്നു. ഹർജിയിൽ ആരോപിക്കുന്ന പ്രതികരണം മുഖ്യമന്ത്രി നടത്തിയത് കണ്ണൂർ ഗസ്റ്റ് ഹൗസിൽ വച്ചാണ്. പ്രതികരണത്തിന് ആധാരമായ സംഭവം നടന്നത് കണ്ണൂർ ജില്ലയിലെ പഴയങ്ങാടിയിലാണെന്നും ജയരാജൻ‌ പറഞ്ഞു.

ഈ രണ്ട് സംഭവവും എറണാകുളം സിജെഎം കോടതിയുടെ പരിധിയിൽ വരുന്നില്ല. എന്നിട്ടും എറണാകുളം ഡിസിസി പ്രസിഡന്റ് എറണാകുളത്ത് ഹർജി നൽകിയിരിക്കുന്നു. പ്രഥമദൃഷ്ട്യാ തന്നെ തള്ളിക്കളയേണ്ട ഹർജിയാണിത്. എന്നിട്ടും കോടതിയുടെ പരിധിയിലാണോ സംഭവം നടന്നതെന്നാണ് സംശയം. ഈ സംശയത്തിനു പോലും അടിസ്ഥാനമില്ലെന്നിരിക്കെ ജുഡീഷ്യറിക്ക് അത്തരം സംശയം തോന്നുന്നത് പോലും എന്ത് അടിസ്ഥാനത്തിലാണെന്ന് മനസിലാകുന്നില്ല.

ജനങ്ങൾക്ക് ജുഡിഷ്യറിയിലുള്ള വിശ്വാസം നഷ്ടപ്പെടുത്തുന്നതിനു മാത്രമേ ഇത്തരം ഉത്തരവുകൾ ഉപകരിക്കൂ’’ – ജയരാജൻ പറഞ്ഞു. ഇന്നലെയാണ് മുഖ്യമന്ത്രിക്കെതിരെ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് ആക്രമിച്ചത് രക്ഷാപ്രവര്‍ത്തനമാണെന്ന് നവ കേരള സദസിൽ മുഖ്യമന്ത്രി പറഞ്ഞിരുന്നു. ഈ പരാമ‍ർശം വിവാദമായതിനു പിന്നാലെയാണ് മുഹമ്മദ്‌ ഷിയാസ് കോടതിയിൽ ഹ‍ർജി നൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *