സഭയിലെത്തി മുഖ്യമന്ത്രി; കെകെ രമയുടെ അടിയന്തര പ്രമേയത്തിന് അനുമതി നൽകിയില്ല, പ്രതിപക്ഷം ഇറങ്ങിപ്പോയി

തിരുവനന്തപുരം: നിയമസഭ സമ്മേളനം തുടരുന്നതിനിടെ സഭയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സഭയിലെത്തിയിരുന്നില്ല. തൊണ്ട വേദനയും പനിയുമുള്ളതിനാലാണ് വിട്ടുനിന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ വളരെ പ്രധാനപ്പെട്ട എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം നടക്കുന്നതിനിടയില്‍ മുഖ്യമന്ത്രിയുടെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.
അതേസമയം, കെകെ രമ എംഎല്‍എയുടെ അടിയന്തര പ്രമേയ നോട്ടീസില്‍ അവതരണാനുമതി നല്‍കിയില്ല. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ഇറങ്ങിപ്പോയി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പൂഴ്ത്തിയെന്ന ആരോപണം ഉന്നയിച്ചായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പിന്നെ ചോദ്യം അനുവദിച്ചതെന്തിനാണെന്നും സ്ത്രീകളെ ബാധിക്കുന്ന വിഷയം ചര്‍ച്ച ചെയ്തില്ലെന്ന് പറഞ്ഞാല്‍ സര്‍ക്കാരിന് നാണക്കേടാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന് പ്രതികരിച്ചു. വിഷയത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലാണെന്നും സ്പീക്കറുടെ വിവേചനം ചോദ്യം ചെയ്യുന്നില്ലെന്നും വിഡി സതീശന് പറഞ്ഞു.
93 ഡിപ്പോകളില്‍ നിന്നും 85% ഡിപ്പോകള്‍ ലാഭകരമാണെന്നും ടാര്‍ഗറ്റ് 9 കോടി രൂപയാണെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ സഭയില്‍ പറഞ്ഞു. ഇതിലേക്ക് എത്തിക്കാന്‍ ജീവനക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും ?ഗണേഷ് കുമാര്‍ പറഞ്ഞു. നേട്ടങ്ങള്‍ കൈവരിക്കുന്ന ജീവനക്കാര്‍ക്ക് പാരിതോഷികം നല്‍കും. ബസുകള്‍ ഘട്ടം ഘട്ടമായി സിഎന്‍ജിയിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നുണ്ട്. ഗ്രാമീണ മേഖലയിലേക്ക് ചെറിയ ബസുകള്‍ വാങ്ങാനുള്ള ടെന്‍ഡര്‍ വിളിച്ചിട്ട് ഉണ്ട്. ധനവകുപ്പ് 93 കോടി രൂപ ബഡ്ജറ്റില്‍ വകയിരിത്തിയിട്ടുണ്ടെന്നും മന്ത്രി കെബി ഗണേഷ് കുമാര്‍ പറഞ്ഞു. അതേസമയം, കോഴിക്കോട് കെഎസ്ആര്‍ടിസി ബസ് തോട്ടിലേക്ക് മറിഞ്ഞ സംഭവത്തിലും മന്ത്രി പ്രതികരിച്ചു. അപകടം ഡ്രൈവറുടെ കുഴപ്പമല്ല. അപകടം ഒഴിവാക്കാന്‍ ഡ്രൈവര്‍ ശ്രമിച്ചുവെന്നും ഇരുചക്ര വാഹന യാത്രികനെ രക്ഷിക്കുന്നതിന്റെ ഭാഗമായി ബ്രേക്ക് ചവിട്ടിയപ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടതാണെന്നും മന്ത്രി പറഞ്ഞു.
തുടര്‍ച്ചയായി മൂന്ന് ദിവസം അടിയന്തര പ്രമേയം ചര്‍ച്ചക്കെടുത്തു എന്ന അപൂര്‍വ്വതയും ഈ സഭാ കാലയളവിലുണ്ടായി. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തിലാണ് ആദ്യം ചര്‍ച്ച അനുവദിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധം സ്പീക്കറുടെ ഡയസിലേക്കും എത്തിയതോടെ സഭ പിരിഞ്ഞതിനാല്‍ ചര്‍ച്ച നടന്നില്ല. എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ചയെ സംബന്ധിച്ചും തൃശൂര്‍ പൂരം അലങ്കോലമായത് സംബന്ധിച്ചും പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ ചര്‍ച്ച നടന്നു. എന്നാല്‍ നാലാമതായി നല്കിയ അടിയന്തര പ്രമേയത്തിന് അനുമതിയും നല്‍കിയില്ല