ഏറനാട് സീറ്റ് 25 ലക്ഷം രൂപയ്ക്ക് മുസ്‌ലിം ലീഗിന് സിപിഐ വിറ്റെന്ന് അൻവർ

ആലപ്പുഴ: സിപിഐക്കെതിരെ ഗുരുതര ആരോപണമുയര്‍ത്തി പി.വി അന്‍വര്‍. ഏറനാട്ടില്‍ 25 ലക്ഷം രൂപ വാങ്ങി സീറ്റ് സിപിഐ നേതൃത്വം മുസ്ലിം ലീഗ് വിറ്റുവെന്നും രണ്ട് തവണ സീറ്റ് കച്ചവടം നടത്തിയെന്നും അന്‍വര്‍ ആരോപിച്ചു. ഏറനാട്ടില്‍ സിപിഐക്കെതിരെ മത്സരിച്ചത് സിപിഎം ആവശ്യപ്പെട്ടത് കൊണ്ടാണെന്നും മണ്ഡലത്തില്‍ തന്നെ സ്ഥാനാര്‍ത്ഥിയാക്കാമെന്ന എല്‍ഡിഎഫ് ധാരണയില്‍ നിന്ന് സിപിഐ അവസാന നിമിഷം പിന്മാറിയെന്നും അദ്ദേഹം ആരോപിച്ചു.

വെളിയം ഭാര്‍ഗവനെ സ്വാധീനിച്ചാണ് മുസ്ലിം ലീഗ് തന്റെ സ്ഥാനാര്‍ത്ഥിത്വം അട്ടിമറിച്ചതെന്ന് അദ്ദേഹം വിമര്‍ശിച്ചു. സിപിഐ കൈക്കൂലി വാങ്ങി തനിക്കുള്ള പിന്തുണ പിന്‍വലിച്ചു. കൊല്ലത്തെ ലീഗ് നേതാവ് യൂനസ് കുഞ്ഞു വഴിയാണ് ചര്‍ച്ച നടന്നത്. അവിടെ ബഷീര്‍ ജയിച്ചത് 22000 വോട്ടിനാണ്. വോട്ട് ചെയ്തത് കമ്യൂണിസ്റ്റുകാരാണ്. ഇടത് സ്ഥാനാര്‍ത്ഥിയെ ആര്‍ക്കും അറിയാത്തതായിരുന്നു കാരണം. ഇതേപ്പറ്റി സിപിഎം പ്രവര്‍ത്തകര്‍ തന്നോട് പരാതി പറഞ്ഞു. താന്‍ അന്വേഷിച്ചപ്പോഴാണ് സീറ്റ് കച്ചവടം വ്യക്തമായത്. എന്നാല്‍ സിപിഐ സംസ്ഥാന നേതൃത്വം ഏറനാട്ടെ സ്ഥാനാര്‍ത്ഥിയെ എപി സുന്നി വിഭാഗം നിര്‍ദ്ദേശിച്ചതാണെന്ന് കീഴ് ഘടകങ്ങളോട് പറഞ്ഞു. ഇക്കാര്യം എപി വിഭാഗം പിന്നീട് നിഷേധിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു. ഒപ്പം താന്‍ ഉന്നയിച്ച ആരോപണത്തിന് ബിനോയ് വിശ്വം മറുപടി പറയണമെന്നും അല്ലെങ്കില്‍ വക്കീല്‍ നോട്ടീസ് അയക്കണമെന്നും ആവശ്യപ്പെട്ടു.

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സിപിഐ നേതാക്കള്‍ വയനാട്ടില്‍ നിന്നു വ്യാപകമായി പണം പിരിച്ചുവെന്നും അതില്‍ ഒരു രൂപ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്ത് ആദ്യ ഘട്ടത്തില്‍ കൊടുത്തില്ലെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയെ വിറ്റ് ജീവിക്കുന്നവരാണ് സിപിഐ നേതാക്കള്‍. കെ രാജന്‍, സുനീര്‍ തുടങ്ങിയവരാണ് വ്യാപകമായി പണം പിരിച്ചത്. ഭൂമി തരം മാറ്റത്തിന്റെ മറവില്‍ സിപിഐ വ്യാപകമായി പണം പിരിക്കുന്നുണ്ട്. എത്ര തരം മാറ്റി എന്ന് അറിയണം. ഈ വിഷയത്തില്‍ തുറന്ന ചര്‍ച്ചയ്ക്ക് സിപിഐ നേതാക്കളെ വെല്ലുവിളിക്കുന്നു. തെളിവ് സഹിതം ആളുകളെ കൊണ്ടുവരുമെന്നും അന്‍വര്‍ വ്യക്തമാക്കി.

സഖാവ് പിണറായി വിജയന്റെ നേരെ അനിയനാണ് ബിനോയ് വിശ്വമെന്നും അന്‍വര്‍ പരിഹസിച്ചു. ഒരച്ഛന്റെയും അമ്മയുടെയും മക്കളാണ് ഇരുവരും. കാണുമ്പോഴുള്ള മാന്യത സിപിഐ നേതാക്കളുടെ പ്രവര്‍ത്തിയിലില്ല. സിപിഐ നേതാക്കള്‍ കാട്ടുകള്ളന്‍മാരാണ്. സിപിഎമ്മുമായി തനിക്ക് പിണക്കമില്ലെന്നും അന്‍വര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *