സാമൂഹ്യ ക്ഷേമ പെൻഷൻ തട്ടിപ്പ്, കടുത്ത നടപടി; പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: സാമൂഹ്യക്ഷേമപെൻഷൻ അനധികൃതമായി കൈപ്പറ്റിയ സർക്കാർ ഉദ്യോഗസ്ഥർക്കെതിരായ നടപടി തുടരുന്നു. പൊതുമരാമത്ത് വകുപ്പിലെ 31 ഉദ്യോഗസ്ഥരെയാണ് ഇന്ന് സസ്പെൻഡ് ചെയ്തത്. ഇവരിൽ നിന്ന് അനധികൃതമായി കെെപ്പറ്റിയ പണം 18ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കെെപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്. ഒരാൾ സ‌ർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്.

ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളേജ് അദ്ധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിർദ്ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്. ഇങ്ങനെ ഒരു മാസം 23 ലക്ഷത്തോളം രൂപയാണ് സർ‌ക്കാർ ഖജനാവിൽ നിന്ന് നഷ്ടമാകുന്നത്.

ഒരുവർഷം രണ്ടേമുക്കാൽ കോടി രൂപയും.പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്‌ട്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണത്തിനായുള്ള സ്പാർക്ക് സോഫ്‌ട്‌വെയറിലെയും ആധാർ നമ്പരുകൾ ഒരുപോലെ വന്നതാണ് തട്ടിപ്പ് പുറത്തുവരാൻ ഇടയായത്. പെൻഷൻ പട്ടികയിൽ 62 ലക്ഷം പേരാണുള്ളത്. ക്രമക്കേടു കാട്ടി പെൻഷൻ വാങ്ങിക്കൊണ്ടിരുന്നവരെ കണ്ടെത്തിയതിനെത്തുടർന്ന് വ്യാപകമായ പരിശോധന നടത്തുമെന്ന് സർക്കാർ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *