കണ്ണൂര്‍: വിമാനത്തിനകത്ത് മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് ഫര്സിൻ മജീദിന് പാസ്പോര്‍ട്ട് തിരികെ കിട്ടി. രണ്ടര വര്‍ഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ കോടതി വഴിയാണ് പാസ്പോട്ട് ലഭിച്ചതെന്ന് ഫര്സീൻ ഫേസ്ബുക്കിൽ കുറിച്ചു. ആഭ്യന്തര വകുപ്പും പൊലീസും പാസ്പോര്‍ട്ട് നൽകാതിരിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും കോടതി കുറ്റം തെളിയിക്കാൻ ആവശ്യപ്പെട്ട് പാസ്പോര്‍ട്ട് നൽകാൻ ഉത്തരവിടുകയായിരുന്നു എന്നും ഫര്സീൻ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
2002 ജൂണ്‍ 13നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനകത്ത് പ്രതിഷേധം നടന്നത്. നാല് കോണ്‍ഗ്രസ് പ്രവർത്തകരാണ് കേസിലെ പ്രതികള്‍. കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എംഎൽഎയുമായ ശബരിനാഥ്, ഫർസിൻ മജീദ്, നവീൻ കുമാർ, സുനിത് എന്നിവര്‍ക്കെതിരെ ആയിരുന്നു കേസെടുത്തത്. വിമാനത്തിനുള്ളിൽ വച്ച് മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചുവെന്നായിരുന്നു കേസ്. തുടര്‍ന്നാണ് നേരിട്ട് പ്രതിഷേധിച്ചവരുടെ പാസ്പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തത്.
ഫര്‍സീന്റെ കുറിപ്പിങ്ങനെ…
രണ്ടര വർഷത്തെ നിയമപോരാട്ടത്തിനൊടുവിൽ പാസ്പോർട്ട് കയ്യിൽ കിട്ടി. കേരളത്തിലെ ആഭ്യന്തരവകുപ്പും പൊലീസും പരമാവധി എല്ലാ തരത്തിലും ഉപദ്രവിച്ചപ്പോഴും, നൽകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടും ബഹുമാനപ്പെട്ട കോടതി പറഞ്ഞത് ആദ്യം ഇയാൾക്കെതിരെയുള്ള കുറ്റം തെളിയിക്കൂ എന്നാണ്. കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാൻ ശ്രമിച്ചു എന്ന് പറഞ്ഞ് വധശ്രമത്തിന് കേസ് എടുത്തിട്ട് ഇന്നുവരെ കുറ്റപത്രം കോടതിക്ക് മുന്നിൽ എത്തിക്കാൻ പോലും മുഖ്യമന്ത്രി തന്നെ ഭരിക്കുന്ന പോലീസിന് സാധിച്ചിട്ടില്ല. എന്നിട്ടും പറയുകയാണ് മുഖ്യമന്ത്രിയെ കൊല്ലാൻ ശ്രമിച്ച പ്രതി രാജ്യം വിടുമെന്ന്..! എവിടെ പോയാലും ഇവിടെ തന്നെ കാണും. പിണറായി വിജയന്റെ ഭരണം അവസാനിക്കാൻ ആഗ്രഹിക്കുന്ന ഏതൊരു സാധാരണക്കാരന്റെയും കൂടെ. പിന്തുണയും സഹായങ്ങളും നൽകിയ പ്രിയപ്പെട്ടവർക്ക് നന്ദി. നിയമപരവും ആശയപരവുമായ പോരാട്ടം തുടരും.
കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രയിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത് വൻ വിവാദമായിരുന്നു. സംഭവത്തിൽ വധശ്രമം, മനഃപൂർവ്വമല്ലാത്ത നരഹത്യാ ശ്രമം, ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച് വധശ്രമക്കേസിൽ പ്രതികളാക്കപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഫർസീൻ മജീദും നവീൻകുമാറും നൽകിയ പരാതി ഇ പി ജയരാജനെതിരെയും കേസെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ അനിൽകുമാർ, പിഎ സുനീഷ് എന്നിവർക്കെതിരെയും കേസെുണ്ട്.