ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരിയുടെ അമ്മയ്ക്കെതിരെ തട്ടിപ്പ് കേസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസുകാരി കൊല്ലപ്പെട്ട സംഭവത്തിൽ അമ്മ ശ്രീതുവിനെതിരെ തട്ടിപ്പിന് കേസെടുക്കും. ദേവസ്വം ബോർഡിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന പരാതിയിലാണ് കേസെടുക്കുന്നത്. ശ്രീതുവിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് വിവരം.

തട്ടിപ്പിന്റെ പേരിൽ ശ്രീതുവിനെതിരെ നിരവധി പരാതികൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൽ രണ്ട് പരാതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ദേവസ്വം ബോർഡിൽ ഉന്നത ഉദ്യോഗസ്ഥയെന്ന് പറഞ്ഞായിരുന്നു ശ്രീതു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ ദേവസ്വം ബോർഡിൽ കരാർ അടിസ്ഥാനത്തിൽ പോലും ശ്രീതും ജോലി ചെയ്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.തനിക്ക് രണ്ട് ലക്ഷം രൂപ ശമ്പളമുണ്ടെന്നും താൻ വിചാരിച്ചാൽ ദേവസ്വം ബോ‌ർഡിൽ ജോലി ലഭിക്കുമെന്നും വാഗ്ദാനം ചെയ്താണ് ശ്രീതു പണം തട്ടിയത്. പ്രദേശത്തെ സ്‌കൂളിലെ പിടിഐ അംഗങ്ങൾ ഉൾപ്പെടെ ഇവരുടെ കെണിയിൽപ്പെട്ടതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

ഈ പണമെല്ലാം വീട് വച്ചുനൽകുന്നതിനായി ജ്യോത്സ്യൻ ദേവീദാസന് നൽകിയതായാണ് ശ്രീതു പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. ദേവീദാസന്റെയും ശ്രീതുവിന്റെയും ബാങ്ക് വിവരങ്ങളും ഫോൺ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ ശാസ്‌ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.കുടുംബത്തിന് സാമ്പത്തിക പ്രശ്നമുണ്ടെന്ന് ശ്രീതുവിന്റെ അയൽക്കാരിയായ ഒരു സ്ത്രീയും പറഞ്ഞിരുന്നു. ‘ദേവസ്വം ബോർഡിൽ ജോലി കിട്ടി. മാസം ഒരു ലക്ഷത്തിൽ കൂടുതൽ വരുമാനമുണ്ടെന്നാണ് അവർ പറഞ്ഞോണ്ട് നടന്നത്. ശ്രീതുവിന്റെ അമ്മ രാഗിണി ചേച്ചിയും അത് പറഞ്ഞിട്ടുണ്ട്.

ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് പത്ത് ലക്ഷം രൂപ വരെ ഓരോരുത്തരുടെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.’- എന്നായിരുന്നു അയൽക്കാരി പറഞ്ഞത്.’കടം വാങ്ങിയവരൊന്നും ഒരു പ്രശ്നവും ഉണ്ടാക്കിയിട്ടില്ല. നാളെ തരാമെന്ന് ഈ കുട്ടി പറയും. അവരങ്ങ് പോകും അത്രയേയുള്ളൂ. കള്ളം നന്നായി പറഞ്ഞിട്ടുണ്ട്. അച്ഛന്റെ കാലിന്റെ ഫോട്ടോയെടുത്ത് കാശ് കൊടുക്കാനുള്ളയാൾക്ക് അയയ്ക്കും. ഇന്ന ആശുപത്രിയിലാണെന്നൊക്കെ ശ്രീതു പറയും.’- മറ്റൊരു നാട്ടുകാരി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *