ശിവഗിരി മഠത്തിലെ ശ്രീമദ് വിദ്യാനന്ദ സ്വാമികൾ സമാധിയായി

ശിവഗിരി: ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിലെ ഏറ്റവും മുതിര്‍ന്ന അംഗം ശ്രീമദ് വിദ്യാനന്ദ സ്വാമികള്‍ (76), സമാധി പ്രാപിച്ചു. ശിവഗിരി ശ്രീനാരയണ മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ വച്ചാണ് സമാധി. ധര്‍മ്മസംഘം ട്രസ്റ്റ് അംഗങ്ങളില്‍ ഏറ്റവും സീനിയറായിരുന്നു . ശിവഗിരി ബ്രഹ്മവിദ്യാലയത്തിലെ ആദ്യ ബാച്ച് വിദ്യാര്‍ത്ഥിയായിരുന്നു. 1979 ലാണ് സുഗതന്‍ എന്ന പൂര്‍വനാമം ഉപേക്ഷിച്ചു അന്നത്തെ ധര്‍മ്മസംഘം ട്രസ്റ്റ് അദ്ധ്യക്ഷനായിരുന്ന ബ്രഹ്മശ്രീ ബ്രഹ്മാനന്ദ സ്വാമികളില്‍ നിന്നും സംന്യാസദീക്ഷ സ്വീകരിച്ചു ഗുരുദേവന്റെ സംന്യസ്ത ശിഷ്യപരമ്പരയില്‍ കണ്ണിയായത്. പൂര്‍വാശ്രമം പത്തനംതിട്ടയിലെ ഇലന്തൂരിലായിരുന്നു. വിവിധ കാലങ്ങളിലായി ശിവഗിരി മഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ പൊങ്ങണംകാട്, പെരിങ്ങോട്ടുകര, കുറിച്ചി,മധുര,അരുവിപ്പുറം, കുന്നുംപാറ എന്നീ ആശ്രമങ്ങളില്‍ സേവനമനുഷ്ഠിച്ചു ഗുരുധര്‍മ്മപ്രചരണത്തില്‍ ശക്തമായ സാന്നിധ്യമേകി. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റിന്റെ ഭരണസമിതിയിലും സ്വാമികള്‍ അംഗമായിരുന്നിട്ടുണ്ട്.
ശിവഗിരി മഠത്തില്‍ പൊതുദര്‍ശനത്തിനു വച്ച ഭൗതികദേഹം സംന്യാസി ശ്രേഷ്ഠരുടെ കാര്‍മ്മികത്വത്തില്‍ ആചാരവിധിപ്രകാരം സമാധിയിരുത്തി. ശിവഗിരിയില്‍ സ്വാമിയുടെ ഭൗതികശരീരമെത്തിച്ചപ്പോള്‍ ധര്‍മ്മസംഘം പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന പ്രാര്‍ത്ഥനയില്‍ മുന്‍ പ്രസിഡന്‍റ് സ്വാമി വിശുദ്ധാനന്ദ, മുന്‍ ട്രഷറര്‍ സ്വാമി പരാനന്ദ, സ്വാമി സൂക്ഷ്മാനന്ദ, സ്വാമി അവ്യയാനന്ദ, സ്വാമി ത്രിരത്നതീര്‍ത്ഥര്‍, സ്വാമി പത്മാനന്ദ, സ്വാമി ഗുരുപ്രസാദ്, സ്വാമി സത്യാനന്ദ സരസ്വതി, സ്വാമി സുകൃതാനന്ദ, സ്വാമി അഭയാനന്ദ, സ്വാമി ശിവനാരായണതീര്‍ത്ഥ, സ്വാമി ദേശീകാനന്ദയതി, സ്വാമി വിരജാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി അസംഗാനന്ദഗിരി, സ്വാമി ഹംസതീര്‍ത്ഥ, സ്വാമി ശ്രീനാരായണദാസ് തുടങ്ങിയവര്‍ പങ്കെടുത്തു. ഫാ: കോശി ജോര്‍ജ് വരിഞ്ഞവിള, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് സ്മിതാ സുന്ദരേശന്‍, മുന്‍ എം.എല്‍.എ വര്‍ക്കല കഹാര്‍, മുന്‍ കണ്ണൂര്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. പി. ചന്ദ്രമോഹന്‍ തുടങ്ങിയവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.