കേരളത്തെ മുന്നോട്ടു കൊണ്ടുപോയത് UDF സർക്കാരുകൾ; ഇടിച്ചു പൊളിക്കലാണ് ഇടതുനയം’: നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് കുഞ്ഞാലിക്കുട്ടി

ഇടതുപക്ഷ സർക്കാരിന്റെ വ്യവസായ നയത്തെ പ്രശംസിച്ച ശശി തരൂർ എംപിക്കു മറുപടിയുമായി മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി. കേരളത്തിന് ഇന്ന് എന്തെങ്കിലും നേട്ടം ഉണ്ടായിട്ടുണ്ടെങ്കിൽ കഴിഞ്ഞ കാലങ്ങളിലെ യുഡിഎഫ് സർക്കാരിന്റെ അശ്രാന്ത പരിശ്രമത്താലാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോൺഗ്രസ് നേതാക്കള്‍ തരൂരിനെ തള്ളിപ്പറഞ്ഞതിനു പിന്നാലെയാണു കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തിയത്. രാഷ്ട്രീയമായ മറുപടിയല്ലെന്നും വ്യവസായത്തെക്കുറിച്ചുള്ള ലേഖനത്തിന് വസ്തുതകള്‍ കൊണ്ടുള്ള മറുപടിയാണെന്നും പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഞാൻ വ്യവസായ മന്ത്രിയായിരുന്ന കാലത്ത് ഒരുപാട് മാറ്റങ്ങളുണ്ടായി. കേരളത്തിന്റെ വ്യവസായ ഭൂപടം മാറ്റിയത് എ.കെ.ആന്റണി സർക്കാരാണ്. യുഡിഎഫ് സർക്കാരാണു കിൻഫ്രയും ഇൻഫോപാർക്കും തുടങ്ങിയത്. പൊളിച്ചടുക്കൽ നയമാണ് എൽഡിഎഫിന്റേത്. കേരളത്തിൽ വ്യവയായം വളർത്തിയതു യുഡിഎഫ് സർക്കാരുകളാണ്. സ്റ്റാർട്ടപ്പുകളുടെ മേനി പറയുന്നവർ മുൻപത്തെ സമരകാലങ്ങൾ കൂടി ഓർക്കണം. ചില ഇടതുസർക്കാരുകളുടെ നയംതന്നെ ഇടിച്ചുപൊളിക്കൽ ആയിരുന്നു” കുഞ്ഞാലിക്കുട്ടി തുറന്നടിച്ചു.
കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽനിന്നു മാറി നിന്നുവേണം തരൂർ സ്വതന്ത്ര അഭിപ്രായം പറയാനെന്നു യുഡിഎഫ് കൺവീനർ എം.എം.ഹസൻ പ്രതികരിച്ചു. സിപിഎം നേതൃത്വം നൽകുന്ന സർക്കാർ സാങ്കേതികവിദ്യയ്ക്കും വ്യവസായ വളർച്ചയ്ക്കും പിന്തിരിഞ്ഞുനിന്ന സമീപനങ്ങളിൽ മാറ്റം വരുത്തിയെന്നു പറയുന്നത് കേരളത്തിന് ഗുണം ചെയ്യുന്നുണ്ടോ എന്ന വിഷയത്തെ കുറിച്ചായിരുന്നു ലേഖനമെന്നു തരൂർ നിലപാട് മയപ്പെടുത്തി. ഉമ്മൻ ചാണ്ടി സർക്കാരിൽ പി.കെ.കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ടെന്നും സമൂഹമാധ്യമ കുറിപ്പിൽ തരൂർ പറഞ്ഞു.