അഗര്‍ത്തല: സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറിയായി കേരളത്തില്‍ നിന്നുള്ള എംഎ ബേബിയെ തെരഞ്ഞെടുത്തതില്‍ പരിഹാസവുമായി ബിജെപി നേതാവും മുന്‍ ത്രിപുര മുഖ്യമന്ത്രിയുമായ ബിപ്ലവ് കുമാര്‍ ദേബ്. രാജ്യം മുഴുവന്‍ അറിയപ്പെടുന്ന ഒരു നേതാവ് ഇന്ന് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കില്ല. നരേന്ദ്രമോദിയെപ്പോലെയോ, അമിത് ഷായെപ്പോലെയോ, യോഗി ആദിത്യനാഥിനെപ്പോലെയോ ദേശീയതലത്തില്‍ തലപ്പൊക്കമുള്ള നേതാക്കള്‍ കമ്യണിസ്റ്റ് പാര്‍ട്ടിയില്‍ ഇല്ലെന്ന് ബിപ്ലവ് കുമാര്‍ ദേബ് പറഞ്ഞു.
സിപിഎമ്മിന്റെ പുതിയ സെക്രട്ടറിയെ തനിക്ക് അറിയില്ല. കേരളത്തില്‍ നിന്നുള്ളയാളെന്ന് കേട്ടു. താന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴും എംപിയായിരുന്നിട്ടും അദ്ദേഹത്തെ പറ്റി കേട്ടിട്ടില്ല. അദ്ദേഹത്തെ കുറിച്ച് അറിയാന്‍ താന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമെന്നും ബിപ്ലബ് കുമാര്‍ പരിഹസിച്ചു.
പുതിയ സെക്രട്ടറി പാര്‍ട്ടിക്ക് വളരെ വേണ്ടപ്പെട്ടവനാവാം. എന്നാല്‍ പാര്‍ട്ടിയുടെ ഏറ്റവും ഉയര്‍ന്ന സ്ഥാനത്തേക്കുള്ള പുതിയ നേതാവിന്റെ ആരോഹണം രാജ്യമെമ്പാടും പ്രതിധ്വനിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ കാര്യം മാത്രമല്ല ദേശീയ തലത്തില്‍ നേതാക്കളെ തീരുമാനിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒരു പാര്‍ട്ടിക്ക് നേതൃത്വം നല്‍കാന്‍ രാജ്യമെമ്പാടും അറിയപ്പെടുന്ന ഒരു നേതാവ് ആവശ്യമാണ്. ബിജെപിയില്‍ ദേശീയതലത്തില്‍ തലപ്പൊക്കമുള്ള നിരവധി നേതാക്കളുണ്ട്. കോണ്‍ഗ്രസിനകത്ത് ഒരു കുടുംബവാഴ്ചയുണ്ട്. എന്നാല്‍ കമ്യൂണിസ്റ്റുകാരില്‍ ഇത്തരമൊരു നേതാവ് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.