നിതീഷ് കുമാറിനേയും മോദിയേയും രൂക്ഷമായി വിമര്‍ശിച്ച് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പിന് അരങ്ങൊരുങ്ങവെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ. ബിജെപി-ജെഡിയു സഖ്യത്തിനെതിരെ അതിരൂക്ഷ വിമര്‍ശനമാണ് ഖര്‍ഗെ ഉയര്‍ത്തിയത്. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ‘കുര്‍സി’ (കസേര)ക്ക് വേണ്ടി മാത്രമാണ് സഖ്യങ്ങള്‍ തിരഞ്ഞെടുക്കുന്നതെന്നും ഖര്‍ഗെ പരിഹസിച്ചു. ബക്‌സൂരിലെ ദല്‍സാഗര്‍ മൈതാനത്ത് നടന്ന ‘ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാന്‍’ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഖര്‍ഗെ. ബിജെപിയെ പരാജയപ്പെടുത്തി മഹാഗഡ്ബന്ധനെ അധികാരത്തില്‍ എത്തിക്കണമെന്നും ഖര്‍ഗെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

‘നിതീഷ് കുമാറും ബിജെപിയും തമ്മിലുള്ള സഖ്യം അവസരവാദപരമാണ്. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് നല്ലതല്ല. മുഖ്യമന്ത്രി സ്ഥാനത്തിനായി മാത്രം നിതീഷ് കുമാര്‍ സഖ്യങ്ങള്‍ മാറുന്നു. മഹാത്മാഗാന്ധിയെ കൊന്ന പ്രത്യയശാസ്ത്രവുമായി ജെഡിയു മേധാവി കൈകോര്‍ത്തിരിക്കുന്നു’ എന്നായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്റെ വിമര്‍ശനം. ‘ചിലപ്പോള്‍ നിതീഷ് കുമാര്‍ ഞങ്ങളോടൊപ്പം ചേരാന്‍ കുതിക്കുന്നു. എന്നാല്‍ ബിജെപിക്ക് വിജയിക്കാനുള്ള സാധ്യത കൂടുതലാണെന്ന് ബോധ്യപ്പെടുമ്പോള്‍, അദ്ദേഹം വീണ്ടും അവരുടെ മടിയില്‍ ഇരിക്കുന്നു’വെന്നും ഖര്‍ഗെ പരിഹസിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഖര്‍ഗെ ആഞ്ഞടിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി നുണയുടെ ഫാക്ടറി നടത്തുകയാണെന്നായിരുന്നു മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിമര്‍ശനം. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 ഓഗസ്റ്റ് 18 ന് ബിഹാറിനായി 1.25 ലക്ഷം കോടി രൂപയുടെ പാക്കേജ് വാഗ്ദാനം ചെയ്തിരുന്നു. ഇപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് ബിഹാറിലെ ജനങ്ങള്‍ നിതീഷ് കുമാറിനോട് ചോദിക്കണം. മോദി ജി നുണകളുടെ ഒരു ഫാക്ടറി നടത്തുകയാണ്’ എന്നായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം.

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ മുന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കുമെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച കുറ്റപത്രത്തെക്കുറിച്ചും പ്രസംഗത്തിനിടെ മല്ലികാര്‍ജുന്‍ ഖര്‍ഗെ സൂചിപ്പിച്ചു. ഇപ്പോള്‍ നടക്കുന്നത് ഭരണകക്ഷിയുടെ രാഷ്ട്രീയ വേട്ടയാടലാണെന്നായിരുന്നു ഖാര്‍ഗെ ചൂണ്ടിക്കാണിച്ചത്.
‘ഇത് കോണ്‍ഗ്രസിനെ ലക്ഷ്യം വച്ചാണ് ചെയ്തത്. നമ്മുടെ നേതാക്കള്‍ ഭയപ്പെടേണ്ടതില്ല. ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ചു. ബിജെപിക്കാരുടെ ഒരു നായ പോലും മരിച്ചിട്ടില്ല എന്നായിരുന്നു ഖര്‍?ഗെയുടെ പ്രതികരണം.

ബിജെപിയും ആര്‍എസ്എസും ദരിദ്രര്‍ക്കെതിരായിരുന്നുവെന്നും അവര്‍ പിന്നാക്കക്കാരുടെ ക്ഷേമത്തെക്കുറിച്ച് ശ്രദ്ധിച്ചിരുന്നില്ലെന്നും കോണ്‍?ഗ്രസ് അധ്യക്ഷന്‍ കുറ്റപ്പെടുത്തി. ‘ആര്‍എസ്എസും ബിജെപിയും ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ക്കും എതിരാണ്. അവര്‍ക്ക് (ആര്‍എസ്എസ്-ബിജെപി) സമൂഹത്തിന്റെ പുരോഗതിക്കായി ചിന്തിക്കാന്‍ കഴിയില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തില്‍ സമൂഹത്തെ വിഭജിക്കുന്നതില്‍ അവര്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു ഖര്‍ഗെയുടെ വിമര്‍ശനം. പാര്‍ലമെന്റ് പാസാക്കിയ വഖഫ് (ഭേദഗതി) ബില്‍, സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിക്കാനുള്ള ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗൂഢാലോചനയാണെന്നും മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആരോപിച്ചു.

ഈ വര്‍ഷ അവസാനം നടക്കാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ ജെഡിയു-ബിജെപി എന്‍ഡിഎ സഖ്യവും ആര്‍ജെഡി, കോണ്‍ഗ്രസ്, ഇടതുപക്ഷം എന്നിവര്‍ ഉള്‍പ്പെടുന്ന മഹാസഖ്യവും തമ്മിലാണ് പ്രധാന മത്സരം.

Leave a Reply

Your email address will not be published. Required fields are marked *