സിനിമ സെറ്റുകളില്‍ ലഹരി പരിശോധന വ്യാപിപ്പിക്കുമെന്ന് കമ്മീഷണര്‍ പുട്ട വിമലാദിത്യ

കൊച്ചിയിലെ സിനിമാമേഖലയുമായി ബന്ധപ്പെട്ട് ഒരു സമഗ്ര പരിശോധനയ്ക്കൊരുങ്ങി പൊലീസ്. കൊച്ചിയിലെ സിനിമ സെറ്റുകളിലേക്ക് ലഹരി പരിശോധന വ്യാപിപ്പിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. ലഹരി കേസുകളില്‍ സംവിധായകരും നടന്മാരും പ്രതികളായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇതിനായി സിനിമ സെറ്റുകളിലടക്കം എക്സൈസ്, എന്‍സിബി അടക്കമുള്ള ഏജന്‍സികളുമായി സഹകരിച്ച് സംയുക്ത പരിശോധന നടത്തും.
ഷൈന്‍ ടോം ചാക്കോ പ്രതിയായ ലഹരി കേസിലെ പരിശോധന ഫലം പുറത്തുവരാന്‍ മൂന്ന് മാസം വരെ താമസം നേരിടും.ഇത് എത്രയും വേഗത്തില്‍ ലഭ്യമാക്കാന്‍ കോടതിയെ സമീപിക്കുകയാണ് ഇനി ചെയ്യുക. ഷൈന്‍ ടോം ചക്കോയുടെ മൊബൈല്‍ ഫോണ്‍ വിശദമായി പരിശോധിച്ച് വരികയാണെന്നും നിര്‍ണായക വിവരങ്ങള്‍ ലഭിച്ചാല്‍ ഷൈനിനെ വീണ്ടും വിളിപ്പിക്കുമെന്നും കൊച്ചി ഡിസിപി അശ്വതി ജിജി വ്യക്തമാക്കി.
അതേസമയം, സംവിധായകരായ ഖാലിദ് റഹ്മാനും അഷ്റഫ് ഹംസയും ഉള്‍പ്പെട്ട ലഹരി കേസ് അന്വേഷിക്കുന്നത് എക്സൈസ് ആയിരിക്കും. ഉറവിടം തേടിയാണ് ഇപ്പോള്‍ അന്വേഷണം നടക്കുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഇന്ന് കോടതിയില്‍ സമര്‍പ്പിക്കും അതിന്ശേഷമായിരിക്കും നോര്‍ത്ത് സിഐ കേസ് ഏറ്റെടുക്കുക. ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുക ലഹരി പിടിച്ച ഫ്ലാറ്റിന്റെ ഉടമയായ സമീര്‍ താഹിറിനെയായിരിക്കും. ചോദ്യം ചെയ്യലില്‍ സമീറില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ തൃപ്തികരമല്ലെങ്കില്‍ പ്രതിചേര്‍ക്കാനും സാധ്യതയുണ്ട്.
ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്: ശ്രീനാഥ് ഭാസി എത്തിയത് അഭിഭാഷകനൊപ്പം