സംസ്ഥാനത്ത് നികുതി വെട്ടിച്ചത് 1.4 ലക്ഷം കെട്ടിടങ്ങള്‍; കെ സ്മാര്‍ട്ട് പണി തുടങ്ങി

കൊച്ചി: സംസ്ഥാനത്തെ കെട്ടിട നികുതി പിരിവിലെ അപാകതകള്‍ തിരുത്തി കെ സ്മാര്‍ട്ട് പദ്ധതി. കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വിവിധ സേവനങ്ങള്‍ ഒരു കൂടക്കീഴില്‍ കൊണ്ടുവന്ന കെ സ്മാര്‍ട്ട് നടപ്പാക്കിയതോടെ കണ്ടെത്തിയത് നികുതി വെട്ടിച്ചിരുന്ന ഒരു ലക്ഷത്തില്‍ അധികം കെട്ടിടങ്ങള്‍. കെ സ്മാര്‍ട്ട് കണക്കുകള്‍ പ്രകാരം സംസ്ഥാനത്ത് 1.4 ലക്ഷം കെട്ടിടങ്ങളെങ്കിലും റവന്യൂ രേഖകളില്‍ ഉള്‍പ്പെടെ തിരിമറി നടത്തി നികുതി വെട്ടിപ്പ് നടത്തിയിരുന്നതായി വ്യക്തമാക്കുന്നു. ഈ കെട്ടിട ഉടമകളില്‍ നിന്നായി നികുതി, നികുതി കുടിശ്ശിക, പിഴ എന്നിവ ഈടാക്കിയാല്‍ ഏകദേശം 394 കോടി രൂപ പൊതു ഗജനാവിലേക്ക് എത്തുമെന്നാണ് വിലയിരുത്തല്‍. നടപടി ക്രമങ്ങളുടെ ഭാഗമായി ഇതുവരെ 108.92 കോടിയാണ് നികുതിയായി പിരിച്ചെടുത്തത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഇത്തരം കെട്ടിടങ്ങളില്‍ നിന്നായി 41.48 കോടി അധിക നികുതി വരുമാനമായി ഖജനാവിലെത്തിയെന്നും കണക്കുകള്‍ പറയുന്നു.
നിലവിലെ കണക്കുകള്‍ പ്രകാരം സംസ്ഥാനത്തെ 87 മുനിസിപ്പാലിറ്റികളിലും ആറ് കോര്‍പ്പറേഷനുകള്‍ എന്നിവയിലാടയി 44,85,891 കെട്ടിടങ്ങളില്‍ 36,55,124 കെട്ടിടങ്ങളില്‍ നിന്ന് മാത്രമാണ് കൃത്യമായി നികുതി പിരിച്ചിട്ടുള്ളത്. കെട്ടിട നികുതി ഈടാക്കുന്നതിനായി ഉപയോഗിച്ചിരുന്ന ‘സഞ്ചയ’ എന്ന പഴയ സോഫ്റ്റ്വെയറിലെ അപാകത മൂലം 8,30,737 കെട്ടിടങ്ങള്‍ നികുതി മുക്തമായി രേഖപ്പെടുത്തിയിരുന്നു. ഡാറ്റ ഡ്യൂപ്ലിക്കേഷന്‍, പൊളിച്ചുമാറ്റിയ കെട്ടിടങ്ങള്‍ എന്നിവ രേഖകളില്‍ നിന്ന് യഥാസമയം നീക്കം ചെയ്യാത്തതുള്‍പ്പെടെയുള്ള പ്രശ്നങ്ങളായിരുന്നു ഇതിന് കാരണം.
നഗരത്തിലെ 90-95 ശതമാനം കെട്ടിടങ്ങളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും, വൈദ്യുതി, ജല കണക്ഷനുകള്‍ ലഭിച്ചതിനുശേഷവും പലതും നികുതി പരിഷ്കരണം നടത്തിയിട്ടില്ലെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിന് പുറമെ വിവരങ്ങള്‍ മറച്ചുവച്ച് വര്‍ഷങ്ങളായി നികുതി പരിധിക്ക് പുറത്ത് നിന്ന കെട്ടിടങ്ങള്‍ സംസ്ഥാനത്തുടനീളം നിരവധിയുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തി.
കെ സ്മാര്‍ട് നടപ്പാക്കിയ സാഹചര്യത്തില്‍ ഇത്തരം കെട്ടിടങ്ങള്‍ വ്യാപകമായി ക്രമപ്പെടുത്തുന്ന നിലയുണ്ടാകും. ഈ സാഹചര്യം സംസ്ഥാനത്തിന്റെ വരുമാനത്തില്‍ 1000 കോടിയുടെയെങ്കിലും വര്‍ധനവിന് വഴി തുറക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന് പറയുന്നു. ഔദ്യോഗിക രേഖകളില്‍ മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്തതോ നികുതി ചുമത്തിയിട്ടില്ലാത്തതോ ആയ കെട്ടിടങ്ങള്‍ ക്രമവത്കരിക്കുന്നതിനായി കേരള സര്‍ക്കാര്‍ ഡാറ്റകള്‍ പരിഷ്കരിക്കുന്നതിനുള്ള നടപടി ആരംഭിച്ച് കഴിഞ്ഞതായി കെ-സ്മാര്‍ട്ട് പദ്ധതിയുടെ നിര്‍വ്വഹണ ഏജന്‍സിയായ ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സന്തോഷ് ബാബുവും വ്യക്തമാക്കുന്നു.
കെ-സ്മാര്‍ട്ട് നടപ്പാക്കിയതിന് പിന്നാലെ 98,719 പുതിയ കെട്ടിടങ്ങള്‍ നികുതി പരിധിയില്‍ കൊണ്ടുവന്നിട്ടുണ്ട്. മുന്‍പ് നികുതി പരിധിയില്‍ നിന്നും ഒഴിവാക്കപ്പെട്ട 44,382 കെട്ടിടങ്ങളും നികുതി രേഖകളില്‍ ചേര്‍ത്തു. ഇതിന്റെ ഫലമായി ആകെ 143,101 പുതിയ കെട്ടിടങ്ങള്‍ നികുതി പരിധിയില്‍ ഉള്‍പ്പെട്ടു. ഭൂരിഭാഗവും പ്രവര്‍ത്തനക്ഷമമായ ഈ കെട്ടിടങ്ങളില്‍ നിന്നുള്ള ആകെ നികുതി കുടിശ്ശിക 393.92 കോടി രൂപയാണെന്നും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ചെയര്മാന് ചൂണ്ടിക്കാട്ടുന്നു.
കൊച്ചി കോര്‍പ്പറേഷനില്‍ മാത്രം 16,168 പുതിയ കെട്ടിടങ്ങള്‍ കണ്ടെത്തി നികുതി രേഖകളില്‍ ചേര്‍ക്കുകയും നികുതി പരിഷ്കരിച്ച് 11,410 കെട്ടിടങ്ങളെ നികുതി പരിധിയില്‍ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്. 27,578 കെട്ടിടങ്ങള്‍ ഇത്തരത്തില്‍ നികുതി പരിധിയില്‍ വന്നതോടെ 150.28 കോടി രൂപയുടെ നികുതി വരുമാനമാണ് ഉണ്ടായതെന്നും കണക്കുകള്‍ പറയുന്നു.
സംസ്ഥാനത്തെ പഞ്ചായത്തുകളിലായി 1.2 കോടിയിലധികം കെട്ടിടങ്ങളുള്ളതിനാല്‍ പരിഷ്കരണങ്ങളുടെ ഫലമായി അധിക നികുതി വരുമാനം നേടുമെന്ന പ്രതീക്ഷയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
തെരുവുനായയുടെ കടിയേറ്റു, പ്രതിരോധ വാക്സിന് എടുത്ത ശേഷവും കുട്ടിക്ക് പേവിഷബാധ