പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസുകാരി മരിച്ചു

തെരുവുനായയുടെ കടിയേറ്റ് തിരുവനന്തപുരം SAT ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഏഴ് വയസുകാരി മരിച്ചു. കൊല്ലം കുന്നിക്കോട് സ്വദേശിയായ പെണ്‍കുട്ടി മൂന്ന് ദിവസമായി വെന്റിലേറ്ററില്‍ ആയിരുന്നു. അവസാന ഡോസ് വാക്‌സിന്‍ എടുക്കുന്നതിന് മുന്‍പാണ് പേവിഷബാധ സ്ഥിരീകരിച്ചത്. ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മൂന്ന് കുട്ടികളാണ് മരിച്ചത്.

കൃത്യസമയത്ത് വാക്‌സിന്‍ മൂന്ന് ഡോസ് എടുത്തിരുന്നു. കഴിഞ്ഞ മാസം 8 ആം തീയതിയാണ് കൊല്ലത്ത് വീട്ടിന് മുന്നില്‍ നില്‍ക്കുമ്പോഴാണ് കുട്ടിയ്ക്ക് തെരുവ് നായുടെ കടിയേറ്റത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. വാക്‌സിനും ആരംഭിച്ചിരുന്നു. എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു. പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ മരണം സംഭവിച്ചത്.

കുട്ടിയുമായി സമ്പര്‍ക്കത്തില്‍ ഉണ്ടായിരുന്നവര്‍ പ്രതിരോധ വാക്‌സിന്‍ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിരുന്നു. കുട്ടിയെ കടിച്ച തെരുവ് നായ ചത്തു. വാക്‌സിന്‍ എടുത്താലും ഞരമ്പുകളില്‍ കടിയേറ്റാല്‍ അപകട സാധ്യത കൂടുതലാണെന്ന് SAT സൂപ്രണ്ട് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *