മുതിര്‍ന്ന നേതാക്കള്‍ പക്വത കാണിക്കണം: രാഹുല്‍ മാങ്കൂട്ടത്തില്‍

വരാന്‍ പോകുന്നത് അങ്കണവാടി തെരഞ്ഞടുപ്പ് അല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ പക്വത കാണിക്കണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. ഞങ്ങള് മിണ്ടാതെയിരിക്കുന്നത് അത് താങ്ങാനുള്ള കെല്‍പ്പ് പാര്‍ട്ടിക്കില്ലാത്തത് കൊണ്ടാണെന്നും യുവാക്കള്‍ കാണിക്കുന്ന പക്വതയും പാകതയും മുതിര്‍ന്ന നേതാക്കള്‍ കാണിക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ടയില്‍ പറഞ്ഞു.

പുതു തലമുറ കാണിക്കുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കള്‍ക്കില്ല. പാര്‍ട്ടി പ്രവര്‍ത്തകരുടെ വേദനയാണ് പങ്കുവെക്കുന്നത്. കെ സുധാകരന്‍ വലിയ ജനപിന്തുണയുള്ള നേതാവാണെന്നും കെ സുധാകരന്‍ കേരളത്തിലെ ഏത് ജങ്ഷനില്‍ പോയാലും ആളുകള്‍ കൂടുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.

സാധാരണ പ്രവര്‍ത്തകന്റെ ആത്മവിശ്വാസം തകര്‍ക്കരുത്.നേതൃത്വം ഇടപെട്ട് അനിശ്ചിതത്വം മാറ്റണം. നേതൃത്വം തുടരുകയാണോ തുടരില്ലേയോ എന്നതില്‍ വ്യക്തത വരുത്തണം. യുവ നേതാക്കള്‍ കാണിക്കുന്ന അച്ചടക്കം മുതിര്‍ന്ന നേതാക്കളും കാണിക്കണം. മുതിര്‍ന്ന നേതാക്കള്‍ ഉത്തരവാദിത്വം കാട്ടണം. കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. അത് നടക്കാതെ പോകുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പേ പിടിച്ച പട്ടിയെ പേടിക്കണോ അതോ സര്‍ക്കാരിനെ പേടിക്കണോ എന്ന അവസ്ഥയാണുള്ളത്. പേവിഷബാധയെ തുടര്‍ന്നുള്ള മരണങ്ങളില്‍ ആരോഗ്യവകുപ്പിനുണ്ടായത് ഗുരുതര വീഴ്ചയാണെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധരപരിപാടികള്‍ നടത്തുമെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വിമര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *