മലയാള സിനിമ മേഖലയിൽ പുതിയ തട്ടിപ്പ്: ആള്‍മാറാട്ടം നടത്തി തിയറ്റര്‍ കളക്ഷന്‍ തട്ടി, 72 ഫിലിംസിന്റെ ഉടമക്കെതിരെ കേസ്

കൊച്ചി: മലയാള സിനിമയില്‍ പുതിയ തട്ടിപ്പുമായി രംഗത്തെത്തിയ വിതരണക്കാരനെതിരെ പോലീസ് കേസ്. ആള്‍മാറാട്ടം നടത്തി സിനിമയുടെ തിയറ്റര്‍ കളക്ഷന്‍ തട്ടിയെടുത്തൂവെന്ന പരാതിയിലാണ് തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
72 ഫിലിംസിന്റെ ഉടമയായ കൊല്ലം സ്വദേശിയായ ഷമീമിനെതിരേയാണ് ആള്‍മാറാട്ടം നടത്തി പണം തട്ടിയതിന് പോലീസ് കേസെടുത്തത്. വിരുന്ന് എന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂട്ടനെന്ന വ്യാജേന കേരളത്തിലെ 123 ഓളം സിനിമ തീയേറ്റര്‍ ഉടമകളെ പറഞ്ഞ് വിശ്വസിപ്പിച്ച് ആള്‍മാറാട്ടം നടത്തി പണം തട്ടിയെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. തമിഴ് ആക്ഷന്‍ കിംഗ് അര്‍ജ്ജുനെ നായകനാക്കി കണ്ണന് താമരക്കുളം സംവിധാനം ചെയ്ത മലയാളത്തിലും തമിഴിലുമായി പുറത്തിറങ്ങിയ ‘വിരുന്ന്’ ചിത്രത്തിന്റെ തിയറ്റര്‍ കളക്ഷന്‍ 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. നെയ്യാര്‍ ഫിലിംസിന്റെ ബാനറില്‍ ഗിരീഷ് നെയ്യാറാണ് ചിത്രം നിര്‍മ്മിച്ചത്.
തിയറ്ററില്‍ നിന്നും കളക്ഷന്‍ ഷെയര്‍ വാങ്ങാന്‍ നിര്‍മ്മാതാവ് സമീപിച്ചപ്പോഴാണ് തട്ടിപ്പ് വിവരം അറിഞ്ഞത്. വിതരണക്കാരനായ കൊല്ലം സ്വദേശിയായ ഷമീം മറ്റൊരു ഡിസ്ട്രിബ്യൂഷന്‍ കമ്പനിയുടെ പേരില്‍ നേരത്തെ ബില്‍ നല്കി പണം കൈപ്പറ്റി മുങ്ങിയെന്ന് മനസിലാക്കിയതോടെയാണ് കന്റോണ്‍മെന്റ് പോലീസില്‍ പരാതി നല്‍കിയത്.