പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ; ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്ന് വിശദീകരണം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരായിരുന്ന പിഎസ്‌സി ചെയര്‍മാനും അംഗങ്ങള്‍ക്കും ഉയര്‍ന്ന പെന്‍ഷൻ അനുവദിച്ച് സംസ്ഥാന സ‍ർക്കാർ ഉത്തരവിട്ടു. കേരള ഹൈക്കോടതി ഉത്തരവിനെ തുട‍ർന്നാണ് തീരുമാനമെന്നാണ് വിശദീകരണം. പെൻഷൻ ആനുകൂല്യത്തിന് സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ്‌സി അംഗമെന്ന നിലയിലെ സേവനകാലവും പരിഗണിക്കാമെന്ന് ഉത്തരവിൽ പറയുന്നു. വെള്ളിയാഴ്ചയാണ് സംസ്ഥാന പൊതുഭരണ വകുപ്പ് ഉത്തരവ് ഇറക്കിയത്. മന്ത്രിസഭാ യോഗ തീരുമാനപ്രകാരമാണ് ഉത്തരവിട്ടിരിക്കുന്നത്.

പിഎസ്‌സി ചെയർമാൻ്റെ ശമ്പളം 3.87 ലക്ഷമായും അംഗങ്ങളുടേത് 3.80 ലക്ഷമായും ഉയർത്തി നേരത്തേ തീരുമാനമെടുത്തിരുന്നു. ഇത് പ്രകാരം പിഎസ്‌സി ചെയർമാന് 2.50 ലക്ഷം രൂപയും അംഗങ്ങൾക്ക് 2.25 ലക്ഷം രൂപയും പെൻഷനായി ലഭിക്കുന്നതായിരുന്നു സ്ഥിതി. എന്നാൽ പുതിയ തീരുമാനത്തോടെ പെൻഷൻ വീണ്ടും ഉയരും.

സര്‍ക്കാര്‍ സര്‍വീസിലായിരുന്ന ശേഷം പിഎസ് സി ചെയര്‍മാനും അംഗവുമായിരുന്നവര്‍ക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന പെൻഷൻ ഇതോടെ ഉയരും. സര്‍ക്കാര്‍ സര്‍വീസിനൊപ്പം പിഎസ് സി അംഗമെന്ന നിലയിലെ സേവന കാലവും പരിഗണിച്ച് പെന്‍ഷൻ നിശ്ചയിക്കാനാണ് മന്ത്രിസഭാ യോഗം തീരുമാനമെടുത്തത്. പിഎസ് സി അംഗമെന്ന നിലയിൽ ഉയര്‍ന്ന പെന്‍ഷൻ ആവശ്യപ്പെട്ട് മുൻ അംഗങ്ങൾ സര്‍ക്കാരിനെ സമീപിച്ചിരുന്നു. എന്നാൽ ഈ ആവശ്യം സംസ്ഥാന സർക്കാർ നിഷേധിക്കുകയായിരുന്നു ചെയ്തത്. ഇതിനെതിരെ മുന്‍ അംഗങ്ങള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഉചിതമായ തീരുമാനമെടുക്കണമെന്ന ഹൈക്കോടതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് ഉയര്‍ന്ന പെന്‍ഷൻ നൽകാൻ തീരുമാനിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *