ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശം ; ക്ഷമാപണം നടത്താൻ തയ്യാർ, ഖുറേഷിയെ താൻ ബഹുമാനിക്കുന്നു: ബിജെപി മന്ത്രി

ആർമി കേണൽ സോഫിയ ഖുറേഷിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞ് മധ്യപ്രദേശിലെ ആദിവാസി ക്ഷേമ മന്ത്രി കുൻവർ വിജയ് ഷാ. അധിക്ഷേപ പരാമർശത്തിന് പിന്നാലെ വലിയ വിമർശനമാണ് മന്ത്രിക്ക് നേരിടേണ്ടി വന്നത്. രാജ്യത്തിന് അഭിമാനമായി മാറിയ സോഫിയ ഖുറേഷിക്കെതിരെ പരാമർശം നടത്തിയ കുൻവർ വിജയ് ഷായെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണമെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഷായുടെ അപക്വമായ പരാമർശത്തെ ബിജെപിയും വിമർശിച്ചിരുന്നു. പിന്നാലെയാണ് ഷേമാപണവുമായി ഷാ രംഗത്തെത്തിയത്.
തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ പത്ത് തവണ വേണമെങ്കിലും ക്ഷമാപണം നടത്താൻ തയ്യാറാണെന്നും, സഹോദരിയേക്കാൾ കേണൽ ഖുറേഷിയെ താൻ ബഹുമാനിക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
വിജയ് ഷാ നടത്തിയത് അങ്ങേയറ്റം അപമാനകരവും ലജ്ജാകരവും അസഭ്യവുമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ വിമർശിച്ചിരുന്നു. ബിജെപിയും ആർഎസ്എസും സ്ത്രീവിരുദ്ധ മനോഭാവം പുലർത്തുന്നുവരാണെന്ന് ഖർഗെ കുറ്റപ്പെടുത്തുകയും ചെയ്തു.