കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയില്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ പാര്‍ട്ടി അധ്യക്ഷയുമായ സോണിയ ഗാന്ധി (Sonia Gandhi) ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഹിമാചല്‍ പ്രദേശിലെ ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വകാര്യ സന്ദര്‍ശനത്തിനായി ഷിംലയിലെത്തിയതാണ് സോണിയ. ഛരബ്രയിലുള്ള ഗാന്ധി കുടുംബത്തിന്റെ സ്വകാര്യ വസതിയിലാണ് താമസിച്ചിരുന്നത്. ഇന്ന് ഡല്‍ഹിയിലേക്ക് മടങ്ങാനിരിക്കെയാണ് ദേഹാസ്ഥ്യം അനുഭവപ്പെട്ടത്. തുടര്‍ന്ന് സോണിയ ഗാന്ധിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

വിദഗ്ധ ഡോക്ടര്‍മാരുടെ ഒരു സംഘം സോണിയയെ വൈദ്യപരിശോധന നടത്തുന്നുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ സോണിയ ഗാന്ധി ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ്, ആരോഗ്യനില തൃപ്തികരമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

നേരിയ ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് പരിശോധനയ്ക്കായാണ് സോണിയയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് ഔദ്യോഗിക അറിയിപ്പ്. കഴിഞ്ഞ ഫെബ്രുവരി മാസത്തിലും സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. അന്ന് ഡല്‍ഹിയിലെ ശ്രീ ഗംഗാറാം ആശുപത്രിയിലാണ് അവരെ ചികിത്സിച്ചിരുന്നത്. ആരോഗ്യനില ഭേദപ്പെട്ടതോടെ ഫെബ്രുവരി 21നാണ് ആശുപത്രി വിട്ടത്.