ശ്രീ -ചിത്രയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി

തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആന്റ് ടെക്നോളജിയിലെ ശസ്ത്രക്രിയ പ്രതിസന്ധിയിൽ ഇടപെട്ട് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. വിശദമായി അന്വേഷിച്ച് കേന്ദ്രത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശ്രീ ചിത്രയിലെ സ്ഥിതിഗതികൾ വിലയിരുത്താനായാണ് അദ്ദേഹം അവിടെത്തിയത്. ശ്രീചിത്ര പ്രതിസന്ധി പരിഹരിക്കാൻ അടിയന്തര യോഗം ചേർന്നു. കേന്ദ്ര മന്ത്രി സുരേഷ് ഗോപി , ശ്രീചിത്ര ഡയറക്ടർ സഞ്ജയ് ബിഹാരി, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുക്കുന്നു.

ഇന്റർവെൻഷണൽ റേഡിയോളജി വിഭാഗത്തിന്റെ ശസ്ത്രക്രിയകളാണ് ഇന്നുമുതൽ നിലയ്ക്കുന്നത്. മൂന്നു ദിവസത്തേക്ക് നിശ്ചയിച്ചിരുന്ന ശസ്ത്രക്രിയകളെല്ലാം മാറ്റി.ഇതുവരെയും 15 എണ്ണമാണ് മാറ്റിയത്. അധികൃതർ രോഗികളെ ഇക്കാര്യം ഫോണിൽ വിളിച്ച് അറിയിച്ചു. ഉപകരണങ്ങളുടെ ക്ഷാമം കാരണം നിശ്ചയിച്ചപ്രകാരം ശസ്ത്രക്രിയ നടക്കില്ലെന്നും എപ്പോൾ ശരിയാകുമെന്ന് പറയാനാകില്ലെന്നുമാണ് ആശുപത്രിയിൽ നിന്ന് രോഗികൾക്ക് നൽകുന്ന അറിയിപ്പ്.അടിയന്തര ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന രോഗികളെ ഡിസ്ചാർജ് ചെയ്തു തുടങ്ങി. ശസ്ത്രക്രിയയ്ക്കായി അഡ്മിറ്റ് ചെയ്ത കുട്ടികളെ ഡിസ്ചാർജ് ചെയ്തിരുന്നു. അഡ്മിറ്റ് ചെയ്ത 3,4 വയ്‌സ് പ്രായമുള്ള കുട്ടികളെയാണ് ഡിസ്ചാർജ് ചെയ്തത്.