മാസപ്പടി കേസിൽ ഹൈക്കോടതിയിൽ മുഖ്യമന്ത്രിയുടെ സത്യവാങ്മൂലം നല്‍കി

വീണാ വിജയന്‍ സി എം ആര്‍ എല്ലില്‍ നിന്നും മാസപ്പടി വാങ്ങിയെന്ന ആരോപണത്തിന്മേല്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മറുപടി സത്യവാങ്മൂലം നല്‍കി. ഹര്‍ജി ലക്ഷ്യവയ്ക്കുന്നത് രാഷ്ട്രീയ ആക്രമണമാണെന്നും പൊതുതാത്പര്യത്തിന്റെ പരിധിയില്‍ വരില്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പൊതുതാല്‍പ്പര്യമെന്ന ഉദ്ദേശ ശുദ്ധി ഹര്‍ജിക്കില്ല. ഹര്‍ജിക്കാരനായ മാധ്യമപ്രവര്‍ത്തകന്‍ എം ആര്‍ അജയന് കേസുമായി ബന്ധപ്പെട്ട് നേരിട്ട് വിവരങ്ങളൊന്നുമില്ല. ആദായ നികുതി വകുപ്പിന്റെ ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവിന്റെ മാത്രം അടിസ്ഥാനത്തിലാണ് ഹര്‍ജി. തന്നെയും തന്റെ മകളെയും ടാര്‍ജറ്റ് ചെയ്യുകയാണ്. രണ്ട് കമ്പനികള്‍ തമ്മിലെ സാമ്പത്തിക ഇടപാടുകളാണ്. നിലവില്‍ എസ്എഫ്‌ഐഒ അന്വേഷണം നടക്കുന്നതില്‍ മറ്റ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ടതില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ക്കാത്ത നടപടി ഫെഡറല്‍ ബന്ധങ്ങളെ നിലനിര്‍ത്തുന്ന ഭരണഘടന ചട്ടങ്ങളെ ഇല്ലാതാകുമെന്നാണ് മറുപടി സത്യവാങ്മൂലത്തിലെ മറ്റൊരു പ്രധാന വാദം. മാസപ്പടി കേസില്‍ അന്വേഷണം വേണ്ടെന്ന വിജിലന്‍സ് കോടതി ഉത്തരവിനെ കോടതിയില്‍ ചോദ്യം ചെയ്യാതെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത് അംഗീകരിക്കാനാകില്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ഹര്‍ജിയില്‍ എല്ലാ എതിര്‍കക്ഷികളേയും കേള്‍ക്കേണ്ടതുണ്ടെന്ന് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. സി എം ആര്‍ എല്‍, വീണാ വിജയന്റെ എക്‌സാലോജിക് കമ്പനി, മുഖ്യമന്ത്രി പിണറായി വിജയന്‍, മകള്‍ വീണ ടി തുടങ്ങി പതിനഞ്ചോളം പേരാണ് ഹര്‍ജിയില്‍ എതിര്‍ കക്ഷികള്‍. ജൂണ്‍ 17ന് ഹര്‍ജി വീണ്ടും പരിഗണിക്കാനിരിക്കെ ആണ് മുഖ്യമന്ത്രി രേഖാമൂലം ഹൈ കോടതിയില്‍ നല്‍കിയ മറുപടി പുറത്ത് വരുന്നത്.