മതപണ്ഡിതന്മാര്‍ പക്വതയോടെ സംസാരിക്കണമെന്ന് ടിപി അബ്ദുല്ല കോയ മദനി

ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണമെന്ന് കേരള നദ്വത്തുല്‍ മുജാഹിദ്ദീന്‍ (കെഎന്‍എം) സംസ്ഥാന പ്രസിഡന്റ് ടിപി അബ്ദുല്ല കോയ മദനി.

പൊതുസമൂഹത്തില്‍ വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും തിരികൊളുത്തുന്ന പ്രസ്താവനകളില്‍ നിന്നും നിലപാടുകളില്‍ നിന്നും എല്ലാവരും വിട്ടുനില്‍ക്കണമെന്നും അബ്ദുല്ല കോയ മദനി പറഞ്ഞു. കെഎന്‍എം സംസ്ഥാന പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ കോഴിക്കോട്ട് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അബ്ദുല്ല കോയ മദനി.

വര്‍ഗീയത കത്തിക്കുന്നവര്‍ക്ക് അത് അണയ്ക്കാന്‍ കഴിയില്ല എന്ന കാര്യം തിരിച്ചറിയണം. കേരളത്തിന്റെ പൊതുവിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ രംഗത്ത് നിലനില്‍ക്കുന്ന പോരായ്മകള്‍ പരിഹരിക്കാന്‍ ശ്രമിക്കുന്നതിന് പകരം അടിസ്ഥാന വിഷയങ്ങളില്‍ നിന്ന് ശ്രദ്ധതിരിക്കുന്ന വിവാദങ്ങള്‍ക്ക് തിരികൊളുത്തുന്നതിനെ കരുതിയിരിക്കണം.

സൂംബ വിവാദത്തിന്റെ മറവില്‍ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ കരുതിയിരിക്കാനും മതപണ്ഡിതന്മാര്‍ വളരെ പക്വതയോടെ സംസാരിക്കാനും പഠിക്കണം. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന സമീപനം മതപണ്ഡിതരില്‍ നിന്നുണ്ടാകരുതെന്നും ടി പി അബ്ദുല്ല കോയ മദനി ആവശ്യപ്പെട്ടു.