തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം; ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു

തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമത്തെത്തുടര്‍ന്നുള്ള ചികിത്സാ പ്രതിസന്ധിക്ക് പരിഹാരം. ലത്തോക്ലാസ്റ്റ് പ്രോബ് ഉപകരണങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. ഇതേത്തുടര്‍ന്ന് ഉപകരണങ്ങള്‍ ഇല്ലാത്തതിനാല്‍ മാറ്റിവെച്ചിരുന്ന ശസ്ത്രക്രിയകള്‍ തുടങ്ങി.
ഹൈദരാബാദില്‍ നിന്ന് വിമാന മാര്‍ഗം ഇന്നു രാവിലെയാണ് ഉപകരണങ്ങള്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ ഉപകരണങ്ങളുടെ ക്ഷാമം മൂലം ശസ്ത്രക്രിയ മുടങ്ങുന്നതായി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറയ്ക്കലിന്റെ തുറന്നു പറച്ചില്‍ ഏറെ വിവാദമായിരുന്നു. ഇതേത്തുടര്‍ന്നാണ് സര്‍ക്കാരിന്റെ അടിയന്തരമായ ഇടപെടലുണ്ടായത്.
ഡോ.ഹാരിസിന്റെ തുറന്നുപറച്ചിലില്‍ വിദഗ്ധസമിതിയുടെ അന്വേഷണം തുടരുകയാണ്. ഡോക്ടര്‍ ഹാരിസിനെ പിന്തുണച്ച് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരും രംഗത്തെത്തിയിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ അടക്കം വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക കണ്ടെത്തല്‍ എന്നാണ് സൂചന. തിരുവനന്തപുരം മെഡിക്കല്‍ കോളജിലേക്ക് ഇന്നും രാഷ്ട്രീയ സംഘടനകളുടെ പ്രതിഷേധ മാര്‍ച്ച് നടന്നിരുന്നു.