ഉപരാഷ്ട്രപതി ജഗദീപ് ധന്‍കറിന്റെ രാജി; അടിയന്തര യോഗം ചേര്‍ന്ന് കോണ്‍ഗ്രസ്

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ അപ്രതീക്ഷിതമായി രാജിവെച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് പാര്‍ട്ടി അടിയന്തര യോഗം വിളിച്ചു ചേര്‍ത്തു. ഇരുസഭകളിലെയും പാര്‍ട്ടി എംപിമാര്‍ പങ്കെടുത്ത യോഗം പാര്‍ലമെന്റ് ഹൗസ് കോംപ്ലക്‌സിലാണ് ചേര്‍ന്നത്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമാണ് യോഗത്തിന് നേതൃത്വം നല്‍കിയത്.

ഇന്നലെ രാത്രിയോടെയാണ് ധന്‍കറിന്റെ രാജിവിവരം സാമൂഹ്യമാധ്യമങ്ങളിലൂടെ പുറത്ത് വന്നത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജിക്കത്ത് സമര്‍പ്പിച്ചത്.

ഏറെ നാളായി ധന്‍കറിനെ ആരോഗ്യപ്രശ്‌നങ്ങള്‍ അലട്ടിയിരുന്നു. മാര്‍ച്ചില്‍ അസുഖം മൂലം ആശുപത്രിയിലായിരുന്ന അദ്ദേഹം അടുത്തിടെ ഒരു പൊതുപ്രോഗ്രാമിനിടെ ദേഹാസ്വാസ്ഥ്യവും അനുഭവപ്പെട്ടിരുന്നു. പശ്ചിമബംഗാള്‍ ഗവര്‍ണറായിരുന്ന ധന്‍കര്‍ 2022-ലാണ് ഉപരാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടു വര്‍ഷത്തോളം കാലാവധി ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ രാജി എന്നത് രാഷ്ട്രീയവൃത്തങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കിടയാകുന്നു.