ഉച്ചകഴിഞ്ഞ് വിഎസ് ജന്മനാട്ടിലേക്ക് മടങ്ങും; തലസ്ഥാന നഗരിയില്‍ ഇനി സഖാവിന്റെ മരിക്കാത്ത ഓര്‍മകള്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അവസാന ദശാബ്ദങ്ങള്‍ പ്രധാന പ്രവര്‍ത്തന തട്ടകമായിരുന്ന തലസ്ഥാന നഗരിയിലെ പൊതു ദര്‍ശനം പൂര്‍ത്തിയാക്കി, ഉച്ചയ്ക്ക് ശേഷമാണ് ഭൗതികദേഹം വിലാപയാത്രയായി ജന്മദേശമായ ആലപ്പുഴയിലേക്ക് കൊണ്ടുപോകുന്നത്. ആലപ്പുഴയിലെ വലിയ ചുടുകാട്ടിലാണ് വിഎസിന് അന്ത്യവിശ്രമം ഒരുക്കുന്നത്. തലസ്ഥാനത്തു നിന്നും 151 കിലോമീറ്റര്‍ ദൂരം നീളുന്ന വിലാപയാത്രയ്ക്കിടെ, തങ്ങളുടെ പ്രതീക്ഷയുടെ കെടാത്തിരി നാളമായി നിലകൊണ്ട പ്രിയനേതാവിന് അന്ത്യാഭിവാദം അര്‍പ്പിക്കാനായി ജനങ്ങള്‍ക്ക് അവസരം ഒരുക്കിയിട്ടുണ്ട്.
തിരുവനന്തപുരത്തു നിന്നും കൊല്ലം വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായിട്ടാണ് വിഎസിന്റെ മൃതദേഹം കൊണ്ടുപോകുന്നത്. ഇന്നു രാത്രി ഒന്‍പതുമണിയോടെ ആലപ്പുഴ പുന്നപ്ര പറവൂരിലെ വേലിക്കകത്ത് വീട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നത്. നാളെ രാവിലെ 9 മുതല്‍ സിപിഎം ജില്ലാ കമ്മിറ്റി ഓഫിസില്‍ വി എസ് അച്യുതാനന്ദന്റെ മൃതദേഹം പൊതു ദര്‍ശനത്തിന് വെക്കും. തുടര്‍ന്ന് രാവിലെ 10 മുതല്‍ ആലപ്പുഴ കടപ്പുറത്തെ പൊലീസ് റിക്രിയേഷന്‍ ഗ്രൗണ്ടിലും പൊതുദര്‍ശനമുണ്ടാകും. ഉച്ചകഴിഞ്ഞ് മൂന്നിന് വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.
തിരുവനന്തപുരത്ത് 27 ഇടത്തും കൊല്ലം ജില്ലയില്‍ ഏഴിടത്തും പൊതുജനങ്ങള്‍ക്ക് വി എസ് അച്യുതാനന്ദന് അന്തിമോപചാരം അര്‍പ്പിക്കാനായി സൗകര്യം ഉണ്ടായിരിക്കും. വിലാപയാത്ര കടന്നുപോകുന്ന വഴികളുടെ വശങ്ങളില് പാര്‍ക്കിങ് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. വിലാപയാത്ര കടന്നുപോകുന്ന സമയത്ത് ഗതാഗതത്തിരക്ക് അനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴിതിരിച്ചു വിടുന്നതാണെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.