സംസ്ഥാനത്ത് വെളിച്ചെണ്ണവില കുതിക്കുന്നു; ഇടപെടാൻ സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണവില കുതിച്ചുയരുന്ന സാഹചര്യത്തില്‍ കുടുംബബജറ്റുകള്‍ താളം തെറ്റുമെന്ന ആശങ്ക തുടരുകയാണ്. ചില്ലറ വിപണിയില്‍ ലിറ്ററിന് 525 രൂപയ്ക്ക് മുകളിലാണ് വില എത്തി നില്‍ക്കുന്നത്. ഈ പശ്ചാത്തലത്തില്‍ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉറപ്പാക്കിയതായി ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു.

നാളികേരവും വെളിച്ചെണ്ണയും ഏറ്റവുമധികം ഉപയോഗിക്കുന്ന കേരളത്തില്‍ വിലയില്‍ വലിയ വര്‍ദ്ധനവാണ് ര രേഖപ്പെടുത്തുന്നത്. കഴിഞ്ഞ മാസം 277 രൂപയ്ക്കായിരുന്നു സപ്ലൈക്കോ വഴി വെളിച്ചെണ്ണ വിതരണം. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഇത് 321 രൂപയായിരിക്കുകയാണ്. വിപണിയില്‍ ലഭ്യമായ സ്റ്റോക്ക് പരിമിതമാണ്, മന്ത്രി പറഞ്ഞു.

വില നിയന്ത്രണത്തിനായി വെളിച്ചെണ്ണ ഉത്പാദകരുടെ യോഗം ചേരുമെന്ന് മന്ത്രി അറിയിച്ചു. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉത്പാദകരുമായി സഹകരിച്ച് ഇവിടത്തെ വിപണിയില്‍ വിതരണത്തിന് അവസരങ്ങള്‍ ഒരുക്കാനും ശ്രമം തുടരുകയാണ്.

ഓണവിപണിയിലായി സപ്ലൈക്കോ ഔട്ട്ലെറ്റുകളില്‍ ന്യായവിലയ്ക്ക് വെളിച്ചെണ്ണ ലഭ്യമാക്കുമെന്ന് മന്ത്രി അറിയിച്ചു. ജനങ്ങള്‍ക്ക് ആശ്വാസമാകുന്ന രീതിയില്‍ സര്‍ക്കാര്‍ എല്ലാ മാര്‍ഗങ്ങളും പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.