ഭാര്യ മരിച്ചെന്ന് സന്ദേശം; പരാതിയിൽ പുറത്തുവന്നത് വൻ തട്ടിപ്പ്

കൊച്ചി: ഭാര്യയെ കാണാനില്ലെന്ന പരാതിയിൽ പുറത്തുവന്നത് വൻ തട്ടിപ്പ്. ചെന്നെെ സ്വദേശിയാണ് കേരള ഹെെക്കോടതിയിലെത്തി ഭാര്യയെ കാണാനില്ലെന്ന പരാതി നൽകിയത്. ഇയാളുടെ ഭാര്യയെ പൊലീസ് പിടികൂടിയിട്ടുണ്ട്. പരാതിക്കാരന്റെ കെെയിൽ നിന്ന് സ്വർണവും പണവുമായി രണ്ടരക്കോടിയോളം രൂപ കെെക്കലാക്കി യുവതി മുങ്ങിയതായി അന്വേഷണസംഘം കണ്ടെത്തി.

ഗ്വാളിയർ സ്വദേശിനിയെ എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രട്ട് കോടതി രണ്ടിൽ ഹാജരാക്കിയ ശേഷം എറണാകുളത്തെ സഖി വിമൽ ഷെൽട്ടറിലാക്കി. തിരോധാനം അന്വേഷിക്കാൻ ഉത്തരവിട്ട ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ബി സ്നേഹലത എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന് മുന്നിൽ ഇന്ന് പൊലീസ് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കും.

മലയാളികളുടെ സഹായത്തോടെയാണ് യുവതി തട്ടിപ്പ് നടത്തിയത്.വിവാഹമോചിതർക്ക് വേണ്ടിയുള്ള മാട്രിമോണിയൽ സെെറ്റ് മുഖേനയാണ് തമിഴ്നാട് വെെദ്യുതി ബോർഡ് റിട്ട. ജൂനിയർ എൻജിനീയർ ആയ ചെന്നെെ സ്വദേശി യുവതിയെ 2022ൽ വിവാഹം കഴിക്കുന്നത്. സുഹൃത്തക്കളെ കാണാനെന്ന് പറഞ്ഞ് അടിക്കടി യുവതി കേരളത്തിൽ വന്നിരുന്നു. കുടുംബം സുഹൃത്തായ തൃശൂർ സ്വദേശി ജോസഫ് സ്റ്രീവന്റെ വീട്ടിൽ തങ്ങുന്നുവെന്നാണ് ഭർത്താവിനോട് യുവതി പറഞ്ഞിരുന്നത്.

ജനുവരി ഒന്നിന് കേരളത്തിലേക്ക് വന്ന യുവതിയെ ഏപ്രിൽ കൊച്ചിയിലെ മാളിലാണ് ഭർത്താവ് അവസാനമായി കണ്ടത്. മേയ് വരെ ഇരുവരും വാട്സാപ്പിൽ ചാറ്റ് ചെയ്തിരുന്നു. എന്നാൽ ജൂൺ നാലിന് അഭിഭാഷകനായ ജി എം റാവു എന്നയാൾ ഭാര്യ മരിച്ചെന്ന് സന്ദേശവും കല്ലറയുടെ ചിത്രങ്ങളും ചെന്നെെ സ്വദേശിക്ക് വാട്സാപ്പിൽ അയച്ചു. തുടർന്ന് കന്യാസ്ത്രീയെന്ന് പരിചയപ്പെടുത്തി സോഫിയ എന്ന യുവതിയും ഇതേ സന്ദേശം അയച്ചു. 10 ലക്ഷം രൂപയും ആവശ്യപ്പെട്ടിരുന്നു. തുടർന്നാണ് ഭർത്താവ് പരാതി നൽകിയത്.പിന്നാലെ ജോസഫ് സ്റ്റീവൻ എന്നയാൾ ഇല്ലെന്ന് അന്വേഷണസംഘം കണ്ടെത്തി.

പരാതിക്കാരന് വന്ന സന്ദേശം തൃശൂർ സ്വദേശി ലെെനിൻ തമ്പിയുടെതാണെന്നന്ന് തിരിച്ചറിഞ്ഞ പൊലീസ് ജോസഫും ജിഎംറാവുവും ലെനിൻ തന്നെയാണെന്ന് മനസിലാക്കി. സോഫിയയുടെ പേരിൽ പരാതിക്കാരനെ വിളിച്ചത് യുവതി തന്നെയാണെന്നും കണ്ടെത്തി. യുവതിയുടെ മൊബെെൽ നമ്പറിന്റെ ലൊക്കേഷൻ പരിശോധിച്ച് പൊലീസ് എത്തിയപ്പോൾ പൊലീസ് സ്റ്റേഷന് സമീപത്തെ കാറിൽ രണ്ട് യുവാക്കൾക്കൊപ്പം യുവതി ഉണ്ടായിരുന്നു. ലെനിൻ തമ്പിയെ പൊലീസ് പിടികൂടിയ വിവരമറിഞ്ഞ് നിരീക്ഷിക്കാൻ എത്തിയതായിരുന്നു ഇവർ.