സ്കൂളുകളിലെല്ലാം ഇനി സുരക്ഷാ സമിതി

പാലക്കാട് : അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ സ്കൂളുകളില്‍ 12 അംഗ സുരക്ഷാ ഉപദേശക സമിതി രൂപീകരിച്ച് കര്‍മ പദ്ധതി തയാറാക്കാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം. ഇതിന്റെ ഭാഗമായി അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ദുരന്തനിവാരണ അതോറിറ്റിയുടെ നേതൃത്വത്തില്‍ പ്രത്യേക പരിശീലനം നല്‍കും. കൊല്ലം തേവലക്കര സ്കൂളില്‍ വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി.
സ്കൂളില്‍ ദുരന്തനിവാരണ പരിശീലനം നേടിയവരുടെ വിവരങ്ങള്‍, വിവിധ തരത്തിലുള്ള അപകടങ്ങള്‍ കൈകാര്യം ചെയ്യേണ്ട രീതി ഉള്‍പ്പെടെ രേഖപ്പെടുത്തിയ സുരക്ഷ ആസൂത്രണ രേഖയും തയാറാക്കണം. മുന്നൊരുക്കങ്ങളെക്കുറിച്ച് അതില്‍ രേഖപ്പെടുത്തുകയും രക്ഷാപ്രവര്‍ത്തനം നടത്തേണ്ട രീതികളും ചിത്രങ്ങളും സ്കൂളുകളില്‍ പ്രദര്‍ശിപ്പിക്കുകയും വേണം. വര്‍ഷത്തില്‍ 2 തവണ വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തി മോക്ഡ്രില്‍ നടത്തണം.
സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ അതോറിറ്റിയുടേയും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിനിധികള്‍ക്കും, ജില്ലാതലത്തില്‍ കലക്ടര്‍ക്കുമാണ് സുരക്ഷാ സമിതിയുടെ ചുമതല. 12 അംഗ സമിതിയുടെ അധ്യക്ഷന്‍ പ്രിന്‍സിപ്പലായിരിക്കും. കൂടാതെ പിടിഎ പ്രസിഡന്റ്, പൊലീസ്, അഗ്നിരക്ഷാ സേന, സ്കൂളിലെ ഒരു ആണ്‍കുട്ടി,പെണ്‍കുട്ടി, എന്‍സിസി, സകൗട്സ്, എന്‍എസ്എസ് എന്നിവയില്‍ നിന്ന് ഓരോ പ്രതിനിധികള്‍, വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്, ദുരന്തനിവാരണ അതോറിറ്റി പ്രതിനിധി, ഡോക്ടര്‍, സിവില്‍ ഡിഫന്‍സ് വാര്ഡന് തുടങ്ങിയവര്‍ അടങ്ങിയതാണ് സുരക്ഷാ ഉപദേശക സമിതി. സമിതി രൂപീകരിച്ചതിന്റെയും പ്രവര്‍ത്തനങ്ങളുടേയും റിപ്പോര്‍ട്ട് സ്കൂളുകള്‍ വിദ്യാഭ്യാസ വകുപ്പിന് സമര്‍പ്പിക്കണം.