ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനം ; കുടുങ്ങിയവരിൽ 28 മലയാളികളും, എല്ലാവരും സുരക്ഷിതർ

ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തിൽ കുടുങ്ങിയ 28 മലയാളികളും സുരക്ഷിതരെന്ന് ഉത്തരാഖണ്ഡ് മലയാളി സമാജം പ്രസിഡന്റ് ദിനേശ്. ഡ്രൈവറുമായി ഫോണിൽ ബന്ധപ്പെട്ടതായും ഇവരെല്ലാവരും സുരക്ഷിതരാണെന്നും ഔദ്യോ​ഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. വാഹനം ലൊക്കേറ്റ് ചെയ്തതായി ബന്ധുക്കളും അറിയിച്ചു.

അപകടം ഉണ്ടായതിനു 4 കിലോമീറ്റർ അപ്പുറത്ത് ഗംഗോത്രിക്ക് സമീപമാണ് ഇവർ കുടുങ്ങിക്കിടക്കുന്നത്. കൊച്ചി സ്വദേശികളായ നാരായണൻ നായരും ശ്രീദേവി പിള്ളയും ഇവരിലുൾപ്പെട്ടിട്ടുണ്ട്. 28 പേരടങ്ങുന്ന സംഘമാണ് യാത്ര പോയത്. റോ‍ഡുകൾ‌ ബ്ലോക്കായതിനാൽ തിരികെ മടങ്ങാനുള്ള ബുദ്ധിമുട്ട് മാത്രമാണുള്ളതെന്നും മലയാളി സമാജം പ്രസിഡന്റ് വ്യക്തമാക്കി.

അതേ സമയം, മിന്നൽപ്രളയത്തിൽ ഒറ്റപ്പെട്ടു പോയ ഉത്തരാഖണ്ഡിലെ ധരാലി ഗ്രാമത്തിൽ കലാവസ്ഥ പ്രതികൂലമായതോടെ രക്ഷപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് നേരിടുന്നത്. ദുരന്തസ്ഥലത്തേക്കുള്ള റോഡുകളും തകർന്നതോടെ രക്ഷാപ്രവർത്തകർ ഇവിടേക്ക് എത്തിക്കുന്നതിലും തടസം നേരിടുകയാണ്. എത്ര പേർ ദുരന്തത്തിൽ അകപ്പെട്ടെന്ന് കൃത്യമായ കണക്കില്ലെന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന കേണൽ ഹർഷവർധൻ പറഞ്ഞു.

കാലാവസ്ഥ മോശമായതും ദുരന്ത ബാധിത പ്രദേശത്തേക്ക് എത്തിപ്പെടുന്നതിലെ ബുദ്ധിമുട്ടും രക്ഷാപ്രവർത്തനത്തിന് വലിയ തടസ്സമാണ് സൃഷ്ടിക്കുന്നത്. കൂടുതൽ രക്ഷാപ്രവർത്തകരെ വ്യോമമാർഗം ഇവിടേക്ക് എത്തിക്കാൻ ശ്രമത്തിലാണ് സർക്കാർ. ഉത്തരകാശിയിൽ നിന്നും ഗംഗോത്രിയിലേക്കുള്ള ദേശീയപാത പലയിടത്തും തകർന്നിരിക്കുകയാണ്. നിലവിൽ എൻഡിആർഎഫിന്റെ മൂന്ന് പുതിയ സംഘത്തെ കൂടി ഇവിടേക്ക് എത്തിക്കാനായി. ധരാലി ഗ്രാമത്തിൽ കെട്ടിടങ്ങൾ അടക്കം മണ്ണിടിഞ്ഞ് മൂടിയിരിക്കുകയാണ്.