അമേരിക്കൻ ഭീഷണിക്ക് മുന്നിൽ കുലുങ്ങാതെ ഇന്ത്യ ; പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി

അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയ്ക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിക്കിടെ റഷ്യൻ പ്രസിഡന്‍റ് പുടിനുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുക്രെയ്നുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഇരു നേതാക്കളും തമ്മിൽ ചര്‍ച്ച ചെയ്തു.

യുക്രെയിനിലെ പുതിയ സംഭവവികാസങ്ങള്‍ തന്നെ പുടിൻ അറിയിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഇന്ത്യയും റഷ്യയും തമ്മിലുള്ള നയതന്ത്ര ബന്ധമടക്കം ശക്തമായി തുടരുന്നകാര്യത്തിലും ഇരുനേതാക്കളും തമ്മിൽ സംസാരിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായി മുന്നോട്ടുകൊണ്ടുപോകുന്നത് സംബന്ധിച്ച കാര്യങ്ങളും സംസാരിച്ചെന്ന് മോദി എക്സിൽ കുറിച്ചു. ഈ വര്‍ഷം അവസാനം പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും മോദി എക്സിൽ കുറിച്ചു.

ഇരു നേതാക്കളും തമ്മിൽ വിശദമായ സംഭാഷണം നടന്നതായാണ് വിവരം. അതേസമയം, ട്രംപിന്‍റെ അധിക തീരുവ നടപടിയെടക്കം ചര്‍ച്ചയായോയെന്ന് വ്യക്തമല്ല. എന്നാൽ, പുടിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചുകൊണ്ട് റഷ്യയുമായുള്ള ഊഷ്മ ബന്ധം തുടരുമെന്ന് സൂചനയാണ് മോദി നൽകിയത്. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നതിലടക്കം അമേരിക്ക കടുത്ത എതിര്‍പ്പ് തുടരുന്നതിനിടെയാണ് റഷ്യയുമായുള്ള വ്യാപാരത്തിലടക്കം വിട്ടുവീഴ്ചയില്ലെന്ന നിലപാട് ഇന്ത്യ വ്യക്തമാക്കിയിരുന്നു.