എയർ ഇന്ത്യ വിമാനത്തിന്റെ അടിയന്തര ലാൻഡിങ്; സുരക്ഷാ വീഴ്ചയുണ്ടായെന്ന് യാത്രക്കാരായ കേരളത്തിൽ നിന്നുള്ള എംപിമാർ

തിരുവനന്തപുരം: തിരുവനന്തപുരം-ദില്ലി എയർ ഇന്ത്യ വിമാനം ചെന്നൈയിൽ അടിയന്തര ലാൻഡിങ് നടത്തിയതിൽ അന്വേഷണം വേണമെന്ന് ആവശ്യം. തലനാരിഴയ്ക്കാണ് എംപിമാർ രക്ഷപ്പെട്ടത്. സുരക്ഷാ വീഴ്ചയുണ്ടായെന്ന് കേരളത്തിൽ നിന്നുള്ള എംപിമാർ പറഞ്ഞു. കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, അടൂർ പ്രകാശ്, കെ രാധാകൃഷ്ണൻ, റോബർട്ട് ബ്രൂസ് എന്നിവരാണ് വിമാനത്തിലുണ്ടായിരുന്ന എംപിമാർ.

ഡിജിസിഎയും സിവിൽ ഏവിയേഷൻ മന്ത്രാലയവും അടിയന്തര അന്വേഷണം നടത്തണമെന്നും ഇത്തരം വീഴ്ചകൾ ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പ് വരുത്തണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു. ക്യാപ്റ്റൻ്റെ അടിയന്തര ഇടപെടൽ യാത്രക്കാരുടെ ജീവൻ രക്ഷിച്ചു. ഈ സംഭവം അടിയന്തരമായി അന്വേഷിക്കണം. ഉത്തരവാദിത്തം ഉറപ്പാക്കണമെന്നും ഇത്തരം വീഴ്ചകൾ ഇനി ഒരിക്കലും സംഭവിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

7.30-ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ 2455 വിമാനം ഒരുമണിക്കൂറിലേറെ വൈകിയാണ് പുറപ്പെട്ടത്. ചെന്നൈയിൽ അടിയന്തരമായി ലാൻഡ് ചെയ്യുന്നുവെന്ന് അറിയിച്ചിട്ട് വീണ്ടും ഒരുമണിക്കൂറോളം ആകാശത്ത് പറന്നത് കൂടുതൽ ഭീതിയുണ്ടാക്കിയെന്നും അടൂർ പ്രകാശ് പറഞ്ഞു.