ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ ആക്രമിച്ച് കാട്ടാന

ബന്ദിപ്പുര്‍: കര്‍ണാടകയിലെ ബന്ദിപ്പുര്‍ കടുവാ സങ്കേതത്തില്‍ സെല്‍ഫിയെടുക്കുന്നതിനിടെ യുവാവിനെ ആക്രമിച്ച് കാട്ടാന. ആനയുടെ ആക്രമണത്തില്‍ മലയാളിയായ യുവാവിനാണ് പരിക്കേറ്റത്. വാഹനം നിര്‍ത്തി കാട്ടാനയുടെ അടുത്തേക്ക് സെല്‍ഫിയെടുക്കാന്‍ പോയതായിരുന്നു യുവാവ്. ഊട്ടിയില്‍നിന്ന് മൈസൂരുവിലേക്കുള്ള ദേശീയ പാതയ്ക്കടുത്താണ് സംഭവം.

വാഹനം നിര്‍ത്തുന്നതിന് കര്‍ശന നിരോധനമുള്ള മേഖലയില്‍ സഞ്ചാരികള്‍ വാഹനം നിര്‍ത്തി ഫോട്ടോയെടുക്കുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ആള്‍ അടക്കം നിരവധി പേര്‍ റോഡില്‍ ഇറങ്ങി.

ആന പൊടുന്നനെ പ്രകോപിതനാകുന്നതും ഇയാള്‍ക്കു പിന്നാലെ ഓടുന്നതും ദൃശ്യങ്ങളില്‍ കാണാം. ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുകയും പിന്നാലെയെത്തിയ ആന ഇയാളെ ചവിട്ടുകയും ചെയ്യുന്നതും ദൃശ്യങ്ങളിലുണ്ട്. പരിക്കേറ്റ യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളെ തിരിച്ചറിയാന്‍ ശ്രമിക്കുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.