രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങള്‍ ഗൗരവമായി കാണുന്നു; കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ആക്ഷേപങ്ങളെ ഗൗരവമായി കാണുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വാര്‍ത്തകള്‍ വന്നപ്പോള്‍ തന്നെ പരാതികള്‍ക്കും കേസുകള്‍ക്കും കാത്ത് നില്‍ക്കാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചു. ഇത് മാതൃകാപരമാണെന്ന് സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.

തുടര്‍ നടപടികള്‍ സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച ചെയ്തു. പാര്‍ട്ടിക്കോ നിയമപരമായോ പരാതിയോ കേസോ രജിസ്റ്റര്‍ ചെയ്തിട്ടില്ല. യാതൊരു പരാതിയും പാര്‍ട്ടിയ്ക്ക് ലഭിച്ചിട്ടില്ല. അതിനാല്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ സ്ഥാന രാജിവെക്കണമെന്ന് ആവശ്യപ്പെടുന്നതിന് യുക്തിയില്ലെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഷ്ട്രീയ എതിരാളികള്‍ക്ക് ഇത്തരത്തില്‍ ആവശ്യം ഉന്നയിക്കാന്‍ ഒരു ധാര്‍മികതയും ഇല്ലെന്ന് അദേഹം പറഞ്ഞു. അങ്ങനെയൊരു പാരമ്പര്യം കേരള രാഷ്ട്രീയത്തില്‍ ഇല്ല.

എഫ്‌ഐആറും ചാര്‍ജ് ഷീറ്റും ഉണ്ടായിട്ടും രാജിവെക്കാത്ത് നിരവധി സംഭവങ്ങള്‍ ഉണ്ട്. എങ്കിലും കോണ്‍ഗ്രസ് പാര്‍ട്ടി സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും സംരക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്ത് മാറ്റിനിര്‍ത്താനുള്ള തീരുമാനം കൈകൊണ്ടിട്ടുള്ളതെന്ന് സണ്ണി ജോസഫ് പറഞ്ഞു. രാഹുലിന് നിയമസഭ കക്ഷി അംഗത്വവും ഉണ്ടാകില്ലെന്ന് അദേഹം അറിയിച്ചു.