വടകരയില്‍ ഷാഫി പറമ്പില്‍ എംപിയെ തടഞ്ഞ സംഭവം: 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു

വടകര ന്മ എംപി ഷാഫി പറമ്പിലിനെ തടഞ്ഞ സംഭവത്തില്‍ 11 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ബ്ലോക്ക് ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവരാണ് പിടിയിലായത്. ഇവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. യുഡിവൈഎഫ് നടത്തിയ റോഡ് ഉപരോധത്തില്‍ ഗതാഗതം തടസ്സപ്പെടുത്തിയതിനും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ഇന്നലെ ഉച്ചയ്ക്കുശേഷമാണ് സംഭവം നടന്നത്. വടകര ടൗണ്‍ഹാളിന് സമീപം എംപിയുടെ കാര്‍ തടഞ്ഞുവെച്ച് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു. ഇതോടെ ഷാഫി പറമ്പില്‍ കാറില്‍ നിന്ന് ഇറങ്ങി പ്രവര്‍ത്തകരുമായി വാഗ്വാദത്തില്‍ ഏര്‍പ്പെട്ടു.

കെ.കെ. രമ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ടൗണ്‍ഹാളില്‍ സംഘടിപ്പിച്ച ഭിന്നശേഷിക്കാര്‍ക്കുള്ള ഓണാഘോഷം ഉദ്ഘാടനം ചെയ്ത് തിരികെ പോകുന്ന വേളയിലായിരുന്നു സംഭവം. ഷാഫിയുടെ കാറിനു മുന്നിലേക്ക് ചില ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ചാടി വീണു. പ്രാദേശിക പ്രവര്‍ത്തകന്‍ എംപിയെ അസഭ്യം പറഞ്ഞതിനെ തുടര്‍ന്ന് ഷാഫി മറുപടി നല്‍കി. വാഗ്വാദം അഞ്ചു മിനിറ്റോളം നീണ്ടുനിന്നു.